വത്തിക്കാനിലെ പോൾ കർദിനാൾമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു ലെയോ പതിനാലാമൻ
വത്തിക്കാൻ സിറ്റി: സഭയിലെയും ലോകത്തിലെയും സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പ വിളിച്ചുചേർത്ത കർദിനാൾമാരുടെ പ്രത്യേക സമ്മേളനത്തിന് വത്തിക്കാനിൽ തുടക്കമായി.
പോൾ ആറാമൻ ഹാളിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്. സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടായിരുന്നു.
വിശുദ്ധകുർബാന മധ്യേ നൽകിയ വചനപ്രസംഗത്തിൽ ലോകത്ത് നിലനിൽക്കുന്ന യുദ്ധങ്ങളെയും സംഘർഷങ്ങളെയും മാർപാപ്പ അപലപിച്ചു. യുദ്ധം മനുഷ്യത്വത്തിന് നിരക്കാത്തതാണെന്നും അതിനെ ദൈവം ഒരിക്കലും അനുഗ്രഹിക്കില്ലെന്നും ഓർമിപ്പിച്ച മാർപാപ്പ, നീതിയും കാരുണ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന സ്നേഹത്തിന്റെ സംസ്കാരം കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്തു.സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ സഭയുടെ ഭാവി നവീകരണത്തിനായി പൂർണ സ്വാതന്ത്ര്യത്തോടെയും വിശ്വസ്തതയോടെയും തുറന്നു സംസാരിക്കാൻ മാർപാപ്പ കർദിനാൾമാരോട് ആഹ്വാനം ചെയ്തു.
സഭയുടെ ദൗത്യം കൂടുതൽ വിശ്വസ്തയോടെ മുന്നോട്ടുകൊണ്ടുപോകാൻ കർദിനാൾമാരുടെ ശക്തവും പരസ്യവുമായ പിന്തുണ ആവശ്യമാണ്. ആത്മാർത്ഥമായ ഉപദേശങ്ങൾ എപ്പോഴും കൂട്ടായ്മയുടെ അടയാളമാണെന്നും മാർപാപ്പ പറഞ്ഞു. വെനസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ വൈദികരുൾപ്പെടെ നിരവധിപ്പേർ മരിച്ച സാഹചര്യത്തിൽ ദുരന്തബാധിതർക്കായുള്ള പ്രത്യേക പ്രാർഥനയോടെയാണു സമ്മേളനനടപടികൾ ആരംഭിച്ചത്.
വെനസ്വേലയ്ക്കുള്ള വത്തിക്കാന്റെ അടിയന്തര ദുരിതാശ്വാസപ്രവർത്തനങ്ങളും സമ്മേളനം വിലയിരുത്തും.കർദിനാൾമാരായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാർ ജോർജ് ജേക്കബ് കൂവക്കാട്, മാർ ജോർജ് ആലഞ്ചേരി എന്നിവർ പങ്കെടുക്കുന്നുണ്ട്