ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തുന്നവർ
കാരക്കസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലുണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 589 ആയി. 2980 പേർക്കു പരിക്കേറ്റു. 50,000ലെറേ പേരെ കാണാനില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഭൂകമ്പത്തിൽ തലസ്ഥാനമായ കാരക്കാസിലടക്കം വ്യാപക നാശനഷ്ടമുണ്ടായി. നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരമാണു ഭൂകമ്പം നാശം വിതച്ചത്. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യമുണ്ടായത്. 38 സെക്കൻഡിനകം 7.5 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പമുണ്ടായി. ഇതിനുശേഷം 30 തുടർചലനങ്ങളുണ്ടായി.
കരീബിയന്‍ തീരനഗരമായ മെറോണിനു പടിഞ്ഞാറ് ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. മെറോണ്‍ നഗരത്തിന് 16 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കുമെന്നാണു വിലയിരുത്തൽ. മരണസംഖ്യ 10,000 മുതൽ ഒരു ലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ആശങ്ക അറിയിച്ചിരുന്നു.
Tags : Venezuela earthquake Death injured