കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിൽ റിക്കാർഡ് വർധനവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുപിഎ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് എൻഡിഎ ഭരണകാലത്ത് ലഹരിവേട്ടയിൽ ഉണ്ടായ വലിയ മുന്നേറ്റത്തിന്റെ കണക്കുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിച്ചു.
2004 മുതൽ 2014 വരെയുള്ള കാലയളവിൽ രാജ്യത്താകെ 2.6 ദശലക്ഷം കിലോ ലഹരിമരുന്നാണ് ഏജൻസികൾ പിടിച്ചെടുത്തത്. എന്നാൽ, 2014 മുതൽ 2026 വരെയുള്ള കാലയളവിൽ ഇത് 11.8 ദശലക്ഷം കിലോയായി ഉയർന്നു. പിടിച്ചെടുത്ത ഈ ലഹരിമരുന്നുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1,84,000 കോടി രൂപ മൂല്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിമുക്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിൽ കൂടുതൽ ശക്തമായ ഏകോപനം ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വികസിപ്പിച്ച ഡിജിറ്റൽ പോർട്ടലുകൾ എല്ലാ സംസ്ഥാനങ്ങളും കൃത്യമായി ഉപയോഗിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Tags : MHA Latest News National