പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ചത് ആറ് സൈനികർ. വീരമൃത്യു വരിച്ച ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് പോരാട്ടത്തിൽ ജീവൻ ബലിനൽകിയത്.
സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിംഗ്, വ്യോമസേന സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇവരുടെ പേരുകൾ ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ എഴുതിച്ചേർക്കും.
2025 ഏപ്രിൽ 22ന് കാഷ്മീരിൽ ലഷ്കർ ഭീകരർ നടത്തിയെ വെടിവയ്പ്പിൽ വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ 26 പേർ മരിച്ചു. ഇതിനുള്ള തിരിച്ചടിയായാണ് ഇന്ത്യ മേയ് ഏഴിന് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരേ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി തുടങ്ങിയത്.
പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നാലു ദിവസമാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇരുരാജ്യങ്ങളിലെയും സൈനികനേതൃത്വം നടത്തിയ ചർച്ചകൾക്കു പിന്നാലെ മേയ് പത്തിന് വെടിനിർത്തുകയായിരുന്നു.
Tags : Operation Sindhoor national war memorial soldiers