പ്രതീകാത്മക ചിത്രം
ന്യൂജഴ്സി: "പ്ലാത ഒ പ്ലോമോ'; സ്പാനിഷില്‍ വെള്ളി അല്ലെങ്കില്‍ ഈയം... കൊളംബിയന്‍ ഡ്രഗ് ലോഡ് പാബ്ലോ എസ്കോബാറിന്റെ ഭീഷണിയുടെ സ്വരമായും ‘പ്ലാത ഒ പ്ലോമോ’ അറിയപ്പെടുന്നു. ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഇത്തരമൊരു ലാറ്റിനമേരിക്കൻ ഭീഷണിയും വധവും നടന്നു.
ഗ്രൂപ്പ് ഇയില്‍ ഇക്വഡോര്‍ 2-1ന് യൂറോപ്യന്‍ കരുത്തരായ ജര്‍മനിയെ വീഴ്ത്തി. സ്പാനിഷ് സംസാരിക്കുന്ന ഇക്വഡോറുകാരുടെ ജീവിതത്തിലെ ഏറ്റവും വലിയ ലോകകപ്പ് ജയമായി മാറിയ ഈ അട്ടിമറിയില്‍, ടീമിന്റെ വിജയം കുറിച്ച ഗോള്‍ നേടിയത് പ്ലാത, ഗോണ്‍സാലൊ പ്ലാത!
അതെ, മാനുവല്‍ നോയര്‍ അടക്കം അണിനിരന്ന ജര്‍മനിയുടെ വമ്പിനു മുന്നില്‍ ഇക്വഡോറിന്റെ രാജകീയ ജയം. ജര്‍മന്‍ ആരാധകരുടെ ആര്‍ത്തലച്ച നാവുകളെ നിശബ്ദമാക്കി ഇക്വഡോര്‍ വെള്ളിയും ഈയവും ഉരുക്കിയൊഴിച്ചു...
പൊള്ളലേറ്റെങ്കിലും ജര്‍മനിയുടെ ഗ്രൂപ്പ് ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ല. ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ 7-1നു കുഞ്ഞന്മാരായ കുറസാവോയെയും രണ്ടാം മത്സരത്തില്‍ 2-1ന് ഐവറികോസ്റ്റിനെയും കീഴടക്കിയ ജര്‍മനി ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മൂന്നു മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുള്ള ഐവറികോസ്റ്റാണ് ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനക്കാര്‍. മൂന്നു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി ഇക്വഡോറും നോക്കൗട്ടിലേക്ക് മുന്നേറി. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഉള്‍പ്പെട്ടാണ് ഇക്വഡോറിന്റെ റൗണ്ട് ഓഫ് 32 പ്രവേശം.
സൂപ്പര്‍ ലെറോയ്
കിക്കോഫിനുശേഷം ക്ലോക്കില്‍ രണ്ടു മിനിറ്റ് തികയുന്നതിനു മുമ്പുതന്നെ ജര്‍മനി ലീഡ് സ്വന്തമാക്കി. ഒരു മിനിറ്റ് 49 സെക്കന്‍ഡില്‍ ലെറോയ് സനെ ഇക്വഡോറിന്റെ വലയില്‍ പന്ത് നിക്ഷേപിച്ചു. ത്രോബോള്‍ ബോക്സിനുള്ളില്വച്ചു സ്വീകരിച്ചശേഷം അലക്സാണ്ടര്‍ പാവ്ലോവിച്ച് പന്ത് ഫ്ളോറിയന്‍ വിര്റ്റ്സിനു മറിച്ചു. വിര്‍റ്റ്സ് നല്കിയ പാസില്‍ ലെറോയ് സനെയുടെ ഇടംകാല് ഷോട്ട്. പന്ത് വലയില്‍.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ജര്‍മനിയുടെ എക്കാലത്തെയും വേഗമേറിയ രണ്ടാമത്തെ ഗോളാണിത്. 1934ല്‍ ഏണസ്റ്റ് ലാഹ് നെര് ആദ്യമിനിറ്റില്‍ നേടിയഗോളാണ് ഒന്നാം സ്ഥാനത്ത്.
ശക്തമായ മറുപടി
രണ്ടു മിനിറ്റിനുള്ളില്‍ ഗോള്‍ വഴങ്ങിയെങ്കിലും ഇക്വഡോര്‍ തളര്‍ന്നില്ല. ഒമ്പതാം മിനിറ്റില്‍ മറുപടിയെത്തി. അതാകട്ടെ ലോകകപ്പിലെതന്നെ ഉജ്വലമെന്നു വിശേഷിപ്പിക്കാവുന്ന ഗോള്‍. പെദ്രൊ വിറ്റ് നല്കിയ പാസില്‍ കൊളംബിയയുടെ നെല്‍സണ്‍ അംഗൂളൊയുടെ മുന്നേറ്റം. ഡി സര്‍ക്കിളിനു പുറത്തുവച്ച്, ഓടിയെത്തിയ പാവ്ലോവിച്ചിന്റെ കാലുകള്‍ക്ക് ഇടയിലൂടെ അംഗൂളോയുടെ ഷോട്ട് വലകുലുക്കി; 1-1. തുടര്‍ന്ന് ഇരുടീമും റൈഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജര്‍മന്‍ ആക്രമണം ഇക്വഡോര്‍ ചെറുത്തുനിന്നു.
എന്നാല്‍, 77-ാം മിനിറ്റില്‍ ഗോണ്‍സാലൊ പ്ലാത ഇക്വഡോറിന്റെ ചരിത്ര പുരുഷനായി. കോര്‍ണറിനുശേഷം കെവിന് റോഡ്രിഗസ് ഫ്ളിക്ക് ചെയ്ത പന്ത് കൃത്യമായി ലഭിച്ചത് പ്ലാതയുടെ കാലിലേക്ക്. ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയറിനു റിയാക്ട് ചെയ്യാന്‍ സാധിക്കുന്നതിനു മുമ്പ് പ്ലാതയുടെ ഷോട്ട് വലയില്‍. പിന്നീട് ഗോള്‍ പിറക്കാതിരുന്നതോടെ ഇക്വഡോറിന് 2-1ന്റെ ജയം.
02
ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ ഇക്വഡോര്‍ പ്രവേശിക്കുന്നത് ഇതു രണ്ടാം തവണ. 2006ല്‍ ആയിരുന്നു ഇതിനു മുമ്പ് ഇക്വഡോര്‍ ലോകകപ്പ് നോക്കൗട്ടില്‍ പ്രവേശിച്ചത്. അന്ന് പ്രീക്വാര്‍ട്ടറില്‍ ഡേവിഡ് ബെക്കാമിന്റെ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായി.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഒരുഗോളിനു പിന്നിട്ടു നിന്നശേഷം ഇക്വഡോര്‍ ജയം സ്വന്തമാക്കുന്നത് ചരിത്രത്തില്‍ ഇതു രണ്ടാം തവണ. 2014 ലോകകപ്പില്‍ ഹോണ്ടുറാസിന് എതിരേയായിരുന്നു മുമ്പ് പിന്നില്‍ നിന്നശേഷം ഇക്വഡോറിന്റെ ജയം.
13
യൂറോപ്യന്‍ ടീമിനെതിരേ ഇക്വഡോര്‍ ജയം നേടുന്നത് 13 വര്‍ഷത്തിനുശേഷം. 2013ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ (3-2) കീഴടക്കിയതായിരുന്നു ഇക്വഡോറിന്റെ ഇതിനു മുമ്പത്തെ ജയം.
ചരിത്രജയം
ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനി ഒരു ലാറ്റിനമേരിക്കന്‍ ടീമിനോടു പരാജയപ്പെടുന്നത് ഇതാദ്യം. ഇതിനു മുമ്പ് 10 തവണ ലാറ്റിനമേരിക്കന്‍ ടീമുകളോട് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയതില്‍ ഏഴ് ജയവും മൂന്നു സമനിലയുമായിരുന്നു.
മറുവശത്ത്, ജര്‍മനിയെ ഗ്രൂപ്പ് ഘട്ടത്തില്‍ കീഴടക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ ടീം എന്ന നേട്ടം ഇക്വഡോറിനും. 77-ാം മിനിറ്റില്‍ ഗോണ്‍സാലൊ പ്ലാത നേടിയ ഗോള്‍, ലോകകപ്പ് ചരിത്രത്തില്‍ ഇക്വഡോറിനെ ജയത്തിലെത്തിക്കുന്ന ഏറ്റവും വൈകിയുള്ള ഗോളാണ്.
ഇക്വഡോറില്‍ ദേശീയ അവധി
ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ കരുത്തരായ ജര്‍മനിയെ കീഴടക്കി നോക്കൗട്ട് ഉറപ്പാക്കിയതിനു പിന്നാലെ ഇക്വഡോറില്‍ ദേശീയ അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്. ജര്‍മനിക്ക് എതിരായ ജയം ആഘോഷിക്കാനായി ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നോബയാണ് ദേശീയ അവധി പ്രഖ്യാപിച്ചത്.
Tags : Ecuador knocks out FIFA World Cup Football