തിരുവനന്തപുരം: ജനതാദൾ -എസ് കേരളാ ഘടകം പുതുതായി രൂപീകരിച്ച ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുമെന്ന് ജനതാദൾ- എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎ അറിയിച്ചു.
നിലവിലെ ജനതാദൾ-എസ് ദേശീയ ഘടകത്തിന്റെ നയങ്ങളിൽ വിയോജിപ്പുള്ള മറ്റ് സംസ്ഥാനങ്ങളിലുള്ളവരുമായി ചർച്ചചെയ്യുമെന്നും സോഷ്യലിസ്റ്റ് അനുഭാവമുള്ളവർ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാത്യു ടി. തോമസ് അറിയിച്ചു.
മതേതരത്വത്തെ വെല്ലുവിളിക്കുന്ന ബിജെപിക്കെതിരെ സോഷ്യലിസ്റ്റ് കക്ഷികളുടെ ഐക്യത്തോടുള്ള പ്രവർത്തനം വേണമെന്ന് 2022 സെപ്റ്റംബറിലെ ദേശീയ സമ്മേളനം തീരുമാനിച്ചതാണ്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി കർണാടകയിൽ ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി.
2024ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച്, കേന്ദ്രമന്ത്രിസഭയിൽ പങ്കാളിയുമായി. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ രൂപീകരിച്ചത്.
2025ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നല്കിയ രണ്ട് പാർട്ടികളിലൊന്നാണിത്. മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങൾ പുലർത്തുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Janata Dal S Indian Socialist Janata Dal Mathew T. Thomas MLA