Kalladi Landslide
കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ പ്രദേശത്ത് ശാസ്ത്രീയ, നിയമ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം വയനാട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരങ്കപാത നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ പരിസ്ഥിതി അനുമതിയിലെ കര്‍ശന വ്യവസ്ഥകള്‍ കമ്പനി പാലിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാതാ നിര്‍മാണം ഇരുവശങ്ങളിലും താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും അന്വേഷണത്തിനുള്ള വിദഗ്ധ സമിതിയെ ഉടന്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ണിടിച്ചിലില്‍ കാണാതായ അഞ്ചു പേരെ കണ്ടെത്തുന്നതിന് എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാലു സോണുകളായുള്ള തെരച്ചിലിനാണ് നിലവില്‍ പ്രഥമ പരിഗണന നല്‍കുന്നത്. കാണാതായവര്‍ക്കായി ഇന്ന് മീനാക്ഷിപുഴയിലും പരിശോധന നടത്തും. കള്ളാടിയില്‍ നടന്നത് ഒറ്റപ്പെട്ട അപകടമാണെന്നും ജില്ലയെ ഒന്നടങ്കം ബാധിച്ചുവെന്ന തരത്തില്‍ പ്രചാരണം നടത്തരുതെന്നും അത്തരം പ്രചാരണങ്ങള്‍ ജനങ്ങളുടെ തൊഴിലിനെയും ജീവിതത്തെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകട പ്രദേശത്തുള്ള മുഴുവന്‍ ആളുകളെയും ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പില്‍ പുനരധിവസിപ്പിച്ചവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും പ്രദേശത്ത് വീണ്ടും പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവരെ പുനരധിവസിപ്പിക്കും. തുരങ്കപാതാ നിര്‍മാണ കരാറുകാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.
അപകടത്തില്‍ ഇതുവരെ മൂന്നു മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എംബാം നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെ നടന്ന തെരച്ചിലില്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
അപകടത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ അപകടസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സംയുക്തമായി പദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, കളക്ടര്‍ ഡി.ആര്. മേഘശ്രീ എന്നിവര്‍ പങ്കെടുത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ഫോണിൽ
സംസാരിച്ചു
തിരുവനന്തപുരം: വയനാട് തുരങ്കപാത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഫോണിൽ സംസാരിച്ചു. ദുരന്തത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞ കേന്ദ്രമന്ത്രി അമിത്ഷാ കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കേരളം ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ കേന്ദ്രമന്ത്രി തൃപ്തി രേഖപ്പെടുത്തി.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കേന്ദ്രമന്ത്രി, മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭായോഗം അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിച്ചു.