കോട്ടയം: കേരളത്തില്‍ വനിതാ മുഖ്യമന്ത്രിയുണ്ടാകണമെന്നും സ്ത്രീകളാണു കേരളത്തിന്റെ ഭാവിയെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ജില്ലയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു എത്തിയ രാഹുല്‍ പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലും കോട്ടയം മണ്ഡലത്തിലെ കഞ്ഞിക്കുഴിയിലും ഏറ്റൂമാനൂര് മണ്ഡലത്തിലെ അതിരമ്പുഴയിലും പ്രസംഗിക്കുകയായിരുന്നു.
“കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നത് താന്‍ സ്വപ്നം കാണാറുണ്ട്. ഇക്കാര്യം പറഞ്ഞപ്പോള്‍ പുരുഷ പ്രവര്‍ത്തകര്‍ കാര്യമായി കൈയടിച്ചില്ല. സ്ത്രീകള്‍ ആവേശത്തോടെ സ്വീകരിച്ചു. സ്ത്രീകളാണു കേരളത്തിന്റെ ഭാവി’’ അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗം റബറിന് 250 രൂപ അടിസ്ഥാന വിലയാക്കാന്‍ തീരുമാനിക്കും. തുടര്‍ന്ന് അത് 300 രൂപയായി ഉയര്‍ത്തും.
യുഎസ് കരാർ പ്രകാരം ഇന്ത്യക്ക് എവിടെ നിന്ന് എണ്ണ മേടിക്കണമെങ്കില്‍ അതിനു പോലും ഡോണള്‍ഡ് ട്രംപിന്റെ അനുവാദം വേണമെന്നും രാഹുല്‍ പരിഹസിച്ചു. മോദിയെയും ബിജെപിയെും ആര്‍എസ്എസിനെയും ആക്രമിക്കുന്നതിനാല്‍ എനിക്കെതിരേ 33 കേസുകളാണുള്ളത്.
ലോക്സഭാ അംഗത്വം റദ്ദാക്കി, വീട് വരെ ഇല്ലാതാക്കി, 55 മണിക്കൂർ ചോദ്യംചെയ്തു. മോദി കേരളത്തില്‍ എത്തിയപ്പോള്‍ സിപിഎമ്മിന്റെ ശബരിമല കൊള്ളയില്‍ മൗനം പാലിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
എഫ്സിആര്‍എ ഭേദഗതി ആര്എസ്എസിനുവേണ്ടിയാണു നടപ്പാക്കുന്നത്. ആര്‍എസ്എസിനും അദാനിക്കും മാത്രം വിദേശ ഫണ്ട് സ്വീകരിക്കാനാണ് നിയമ ഭേദഗതി. വിദേശപണം ആര്‍എസ്എസിനും നരേന്ദ്ര മോദിക്കും മാത്രം സ്വീകരിക്കാന്‍ ഈ ബില്ല് അനുവാദം നല്കുന്നു. അതിനായി പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
Tags : woman Chief Minister Rahul Gandhi UDF Congress Kerala Assembly Election Niyama Sabha Election