തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ബുധനാഴ്ച ചേരുന്ന യോഗത്തിൽ പദ്ധതിയുടെ പ്രായോഗിക വശങ്ങളും സാമ്പത്തിക ബാധ്യതകളും ചർച്ചയാകും.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്.
ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം. അതേസമയം പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.
സൗജന്യ യാത്ര പ്രഖ്യാപിക്കുന്നതോടെ വലിയൊരു വിഭാഗം യാത്രക്കാരും കെഎസ്ആർടിസിയിലേക്ക് മാറുമെന്നും ഇത് തങ്ങളുടെ വരുമാനത്തെ തകർക്കുമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആശങ്ക. ഉദ്യോഗസ്ഥ തല ചർച്ചയ്ക്ക് ശേഷം ബസുടമകളുടെ പരാതികൾ പരിഹരിക്കാനുള്ള ചർച്ചകളിലേക്ക് സർക്കാർ കടക്കും.
Tags : free paas ksrtc ladies ordinary fastpassenger