തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ നിന്നു കാലെടുത്തു വയ്ക്കുന്നതു നിയമസഭാ തെരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക് ആയതിനാൽ കൊണ്ടും കൊടുത്തും മുന്നേറാനാകും നാളെ തുടങ്ങുന്ന സഭാ സമ്മേളനത്തിൽ ഇടതു- വലതു മുന്നണികളുടെ പ്രധാന നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പ്രചാരണ തന്ത്രങ്ങളുടെ ഡ്രസ് റിഹേഴ്സലാകും സഭയിൽ മുഴങ്ങുക.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അപ്രതീക്ഷിത വിജയാഹ്ലാദത്തിൽ നിന്നാണ് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിലേക്കു നടന്നുകയറുന്നത്. അതേസമ യം, തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെന്നു ജനങ്ങളോടു പറയാനുള്ള രാഷ്ട്രീയ തന്ത്രങ്ങളാകും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷ നിര സഭയിൽ ഒരുക്കുക.
രണ്ടു ഘട്ടങ്ങളിലായി രണ്ടു മാസത്തിലേറെ നീളുന്ന സന്പൂർണ ബജറ്റ് സമ്മേളനമാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നാളെ തുടങ്ങുന്നത്.
ഭരണവിരുദ്ധ വികാരവും സ്വർണക്കൊള്ളയും പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധങ്ങൾ
പിണറായി വിജയൻ സർക്കാരിന്റെ ഭരണവിരുദ്ധ നടപടികളും ശബരിമല സ്വർണക്കൊള്ളയും സർക്കാരിന്റെ വർഗീയപ്രീണന നയങ്ങളും സഭയിൽ ആളിക്കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
ഭരണവിരുദ്ധ വികാരത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ആടിയുലഞ്ഞ ഇടതുമുന്നണി സർക്കാരെന്ന കപ്പലിനെ വാക്കുകൾകൊണ്ടു മുക്കിത്താഴ്ത്താനുള്ള നീക്കങ്ങളാകും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടക്കുക. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം, സിപിഐ നേതാക്കൾ ഇപ്പോഴും ജയിലിലുണ്ട്.
തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റും അംഗങ്ങളുമായിരുന്നവരാണിവർ. ദേവസ്വം മന്ത്രിയായിരുന്ന സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെ പങ്ക് പുറത്തുവന്നിട്ടും അറസ്റ്റിലാകാതെ അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷം സർക്കാരിനെ മുൾമുനയിൽ നിർത്താൻ ആരോപണം ഉന്നയിക്കുക.
കൂടാതെ ദേശീയപാതയിൽ അടിക്കടിയുണ്ടാകുന്ന നിർമാണത്തകർച്ചയും അപകടങ്ങളും സമാന്തരമായി നല്ലരീതിയിൽ സഞ്ചരിക്കാൻ റോഡ് ഒരുക്കാത്തതുമായ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഴ്ചകളും ചൂണ്ടിക്കാട്ടും. സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധിയും സർക്കാരിന്റെ ധൂർത്തും കുടിശികകൾ കൊടുത്തു തീർക്കാത്ത നടപടിയും സഭയിൽ മുഴങ്ങും.
സമ്മേളനം ആരംഭിക്കുന്നതോടെ അകത്തും പുറത്തും ഒരേസമയം സമരം തുടങ്ങി സഭയെ പ്രക്ഷുബ്ധമാക്കാനുള്ള നടപടികളും പ്രതിപക്ഷം സ്വീകരിച്ചിട്ടുണ്ട്. ആദ്യദിവസം തന്നെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്സിൽ നിയമസഭാ മാർച്ച് നടത്തും. ജീവനക്കാർക്കും അധ്യാപകർക്കും ശന്പളപരിഷ്കരണവും ഡിഎ കുടിശികയും അനുവദിക്കാത്ത സർക്കാർ നിലപാടിനെതിരേയാണ് സമരം.
വരും ദിവസങ്ങളിൽ യൂത്ത് കോണ്ഗ്രസ്, മഹിളാ കോണ്ഗ്രസ്, കെഎസ്യു തുടങ്ങിയ പോഷകസംഘടനകളും പ്രക്ഷോഭവുമായി എത്തും. യൂത്ത് ലീഗ് അടക്കമുള്ള ഘടകകക്ഷി സംഘടനകളുടെ നിയമസഭാ മാർച്ചും നടക്കും.
ഭരണനേട്ടങ്ങളെന്ന അവകാശവാദവുമായി ഭരണപക്ഷം
കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾ എന്ന അവകാശവാദം പിടിവള്ളിയാക്കാൻ തന്നെയാണ് ഭരണപക്ഷം ശ്രമിക്കുക. പ്രതിപക്ഷത്തിനെ പ്രതിരോധിക്കുന്നതിനൊപ്പം കടന്നാക്രമിക്കുന്നതിനുള്ള തന്ത്രങ്ങളും തെരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള സമ്മേളനത്തിൽ ഭരണപക്ഷം ആയുധമാക്കും.
സതീശനെതിരേയുള്ള പുനർജനി കേസ്, ലൈംഗിക പീഡന ആരോപണത്തിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന കോണ്ഗ്രസ് നേതാക്കളുടെ ശ്രമം തുടങ്ങിയവും രാഷ്ട്രീയ ആയുധങ്ങളാകും. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കം നിയമസഭാ സമ്മേളനത്തിൽ പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്ക ഇപ്പോഴും ഭരണപക്ഷത്തിനുണ്ട്.
29നാണ് സംസ്ഥാന ബജറ്റ്. ഫെബ്രുവരി അഞ്ചു വരെ സഭാ സമ്മേളനത്തിന്റെ ആദ്യഘട്ടം നീളും. ആറിന് വി.ഡി. സതീശന്റെ നേതൃത്വത്തിൽ കേരള യാത്ര തുടങ്ങുന്നതിനാൽ രണ്ടാം ഘട്ട സമ്മേളനം പുനഃക്രമീകരിക്കേണ്ടി വന്നേക്കും.
മാർച്ച് ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നു പ്രതീക്ഷിക്കുന്നതിനാൽ സഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടി വരുമെന്ന ആശങ്കയുമുണ്ട്.
Tags : Legislative Assembly session begins today