പാലക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ മലപ്പുറം ജില്ലയ്ക്കു ഹാട്രിക് കിരീടം. 1548 പോയിന്റ് നേടിയാണ് തുടര്‍ച്ചയായി മൂന്നാം തവണയും മലപ്പുറം ഒന്നാമതെത്തിയത്.
1487 പോയിന്റ് വീതം തേടി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനത്തേക്ക് എത്തിയെങ്കിലും രണ്ടാംസ്ഥാനം പാലക്കാടിനും മൂന്നാം സ്ഥാനം കണ്ണൂരിനും നല്കാന് തീരുമാനിക്കുകയായിരുന്നു. മറ്റു ജില്ലകളുടെ പോയിന്റ് നില - തൃശൂര്‍ (1477), കോഴിക്കോട് (1468), എറണാകുളം (1427), വയനാട് (1409), കോട്ടയം (1400), തിരുവനന്തപുരം (1397), കൊല്ലം (1392), കാസര്‍ഗോഡ് 1376), ആലപ്പുഴ (1348), പത്തനംതിട്ട (1336), ഇടുക്കി (1313).
സ്കൂള്‍തലത്തില്‍ 164 പോയിന്റ് നേടി വയനാട് ദ്വാരക എസ്എച്ച്എസ്എസ് ഒന്നാംസ്ഥാനം നേടി. 140 പോയിന്റ് നേടിയ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് രണ്ടും 135 പോയിന്റമായി ഇടുക്കി കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് സ്കൂൾ മൂന്നും സ്ഥാനവും കരസ്ഥമാക്കി.
മോയന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന സമാപനസമ്മേളനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. എഡിപിഐ സി.എ. സന്തോഷ് അധ്യക്ഷനായിരുന്നു.
എഡിപിഐ ആർ.എസ്. ഷിബു, ഹയര്‍ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദുള്ള, പൊതുവിദ്യാഭ്യാസവകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസര്‍ ദീപ മാര്ട്ടിന്, ഡിഡിഇ സലീനബീവി, ഡിഇഒ ആസിഫ് അലിയാര്, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അബൂബക്കര്‍ ബിജു വിജയന് എന്നിവർ പ്രസംഗിച്ചു.
ശാസ്ത്രമേളയിൽ ശാസ്ത്രമേളയിൽ തൃശൂർ, ഗണിതമേളയിൽ മലപ്പുറം
പാലക്കാട്: ശാസ്ത്രമേളയില്‍ 209 പോയിന്റ് നേടി തൃശൂര്‍ ജില്ല ഒന്നാമതെത്തി. ഗണിതമേളയില്‍ 290 പോയിന്റുകളോടെ മലപ്പുറം ചാമ്പ്യന്മാരായി, സാമൂഹ്യശാസ്ത്രമേളയില് കോഴിക്കോടും (163) പ്രവൃത്തിപരിചയമേളയില്‍ പാലക്കാടും (792) ഐടി മേളയില്‍ തിരുവനന്തപുരവും (131) ഒന്നാംസ്ഥാനം നേടി. ഗണിതമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐടി മേള തുടങ്ങിയവയിലെ മികച്ച പ്രകടനമാണ് മലപ്പുറത്തിന്റെ ഓവറോൾ കിരീടനേട്ടത്തിനു തുണയായത്. ഗണിതമേളയിലും പ്രവൃത്തിപരിചയമേളയിലും മികച്ച പ്രകടനം കാഴ്ചവച്ചതു പാലക്കാടിനു രണ്ടാം സ്ഥാനം നേടാൻ സഹായിച്ചു.
വിജയത്തിളക്കത്തിൽ അച്ഛനും മകനും
കോട്ടയം പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിൽസണ്‍ ജോസഫും പത്താം ക്ലാസുകാരൻ മകൻ പാർഥിവ് വിൽസണുമാണ് അപൂർവ നേട്ടവുമായി തിളങ്ങിയത്.
വിൽസണ്‍ ജോസഫ് ഹയർ സെക്കൻഡറി വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. അതേ സ്കൂളിലെ പത്താം ക്ലാസുകാരനായ മകൻ പാർഥിവ് ഹൈസ്കൂൾ വിഭാഗം പ്രവൃത്തിപരിചയമേളയിലെ ഇലക്ട്രോണിക്സ് മത്സരത്തിലാണ് എ ഗ്രേഡ് സ്വന്തമാക്കിയത്.
കഴിഞ്ഞവർഷവും ഇരുവരും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തിരുന്നു.
Tags : State School Science Festival malappuram