പാലാ: മാര് സ്ലീവാ മെഡിസിറ്റിയുടെ സെന്ട്രല് സ്റ്റെറൈല് സപ്ലൈ ഡിപ്പാര്ട്ട്മെന്റിന് (സിഎസ്എസ്ഡി) കഹോയുടെ(കണ്സോര്ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്ത്ത് കെയര് ഓര്ഗനൈസേഷന്സ്) ദേശീയ പുരസ്കാരവും സര്ട്ടിഫിക്കേഷനും ലഭിച്ചു.
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മാര് സ്ലീവാ മെഡിസിറ്റി ഒന്നാം സ്ഥാനത്തിന് അര്ഹമായത്.
കേരളത്തിൽ ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്. 200ല്പരം ആശുപത്രികളുടെ പട്ടികയില് നിന്നാണ് മാര് സ്ലീവാ മെഡിസിറ്റി ഈ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
അണുബാധ നിയന്ത്രണത്തിലും രോഗീസുരക്ഷ ഉറപ്പാക്കുന്നതിലും നിര്ണായക പങ്ക് വഹിക്കുന്ന വിഭാഗമാണ് സിഎസ്എസ്ഡി. ഉന്നത ഗുണനിലവാരത്തിലുള്ള മാനദണ്ഡങ്ങള് പാലിച്ചാണ് മാര് സ്ലീവാ മെഡിസിറ്റിയിലെ സിഎസ്എസ്ഡി വിഭാഗം പ്രവര്ത്തിക്കുന്നത്. അന്തര്ദേശീയ നിലവാരത്തിലുള്ള ഈ പ്രവര്ത്തന മികവാണ് സിഎസ്എസ്ഡി വിഭാഗത്തിനെ പുരസ്കാരത്തിലേക്കു നയിച്ചതെന്നു മാനേജിംഗ് ഡയറക്ടര് ആന്ഡ് സിഇഒ ഫാ. മാത്യു തെക്കേല് പറഞ്ഞു.
ചെന്നൈയില് നടന്ന കഹോകോണ് ഇന്റര്നാഷണല് കോണ്ഫറന്സില് ഇന്റര്നാഷണല് സൊസൈറ്റി ഫോര് ക്വാളിറ്റി ഇന് ഹെല്ത്ത്കെയര് ബോര്ഡ് മെംബര് ഡോ. ഷിനു ഉഷിറോയില് നിന്നും മാര് സ്ലീവാ മെഡിസിറ്റി എച്ച്ആര് നഴ്സിംഗ് ആന്ഡ് അക്കാദിക് അസോ. ഡയറക്ടര് ഫാ.ഡോ. ജോസഫ് കരികുളം ദേശീയ പുരസ്കാരം ഏറ്റുവാങ്ങി.
ആശുപത്രി ചീഫ് നഴ്സിംഗ് ഓഫിസര് ലഫ്. കേണല് മജല്ല മാത്യു, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര് ഡോ.എം. ഗോപിനാഥ്, ക്വാളിറ്റി വിഭാഗം സീനിയര് മാനേജര് സിറിയക് ജോര്ജ്, സിഎസ്എസ്ഡി വിഭാഗം സൂപ്പര്വൈസര് ലിന്സി ജേക്കബ്, അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് ബിനു ലക്ഷ്മണ് എന്നിവര് പങ്കെടുത്തു.
Tags : Mar Sliwa Medicity CSSD department national award