പ്രതീകാത്മക ചിത്രം
കൊച്ചി: നാലര വർഷത്തെ അക്കാദമിക് പഠനം മാത്രമുള്ള എംബിബിഎസ് കോഴ്സിന് അഞ്ചു വർഷത്തിലേറെക്കാലത്തെ ഫീസ് ഈടാക്കുന്നതിനെ എതിർത്ത് ഹൈക്കോടതിയിൽ ദേശീയ മെഡിക്കൽ കൗൺസിലിന്റെ വിശദീകരണം. ഒരു വർഷത്തെ ഇന്റേൺഷിപ്പുകൂടി ചേർത്താണ് മെഡിക്കൽ കോളജുകൾ ഫീസ് വാങ്ങുന്നത്.
എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന ദേശീയ മെഡിക്കൽ കൗൺസിലിന്റെ നോട്ടീസും വിദ്യാർഥികളിൽനിന്ന് ഈടാക്കിയ ആറു മാസത്തെ അധിക ഫീസ് തിരികെ നൽകണമെന്ന നിർദേശവും ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷനടക്കം നൽകിയ ഹർജികളിലാണു വിശദീകരണം.
നിയമപരമായ അധികാരം വിനിയോഗിച്ചാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് കൗൺസിൽ വിശദീകരിച്ചു. അക്കാദമിക് പഠന കാലാവധിയേക്കാൾ കൂടുതൽ കാലം ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇത്തരമൊരു നോട്ടീസ് പുറപ്പെടുവിച്ചത്. പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം, ഭരണപരമായ കാരണങ്ങൾ എന്നിവമൂലം കാലാവധി നീണ്ടാലും നിശ്ചിത കോഴ്സിന്റെ ദൈർഘ്യത്തിൽ മാറ്റമുണ്ടാകില്ല.
കേരളത്തിലെ മെഡിക്കൽ കോളജുകൾ ആറു മാസത്തെ അധിക ഫീസ് ഈടാക്കിയെന്ന് കംബൈൻഡ് അസോസിയേഷൻ ഓഫ് മെഡിക്കോസ് ആൻഡ് പേരന്റ്സ് ജനറൽ സെക്രട്ടറിയുടെ പരാതി ലഭിച്ചതിനെത്തുടർന്നാണ് അധിക തുക തിരിച്ചുനൽകാൻ നോട്ടീസ് നൽകിയത്.
ദേശീയ മെഡിക്കൽ കൗൺസിൽ നിഷ്കർഷിക്കുന്ന കോഴ്സ് കാലാവധിയിലേക്ക് അനുസൃതമായാണ് റഗുലേറ്ററി കമ്മിറ്റി ഫീസ് നിർണയിക്കേണ്ടത്. കേസിൽ ഫീ റഗുലേറ്ററി കമ്മിറ്റിയെ കക്ഷിചേർക്കാനും വിശദീകരണത്തിൽ ആവശ്യപ്പെടുന്നു.
Tags : MBBS course fees Medical Council clarifies