കെസിബിസി പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചു
കൊച്ചി: പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ കെസിബിസി പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചു. പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേർന്ന പ്രതിനിധിസംഘം, സമൂഹവും സഭയും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു.
മലയോരമേഖലകളില്‍ ജീവിക്കുന്നവരും തീരദേശവാസികളും നേരിടുന്ന പ്രതിസന്ധികള്‍, വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍, അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍, മുനമ്പം വിഷയം, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ദളിത് ക്രൈസ്തവര്‍ നേരിടുന്ന അവകാശനിഷേധങ്ങള്‍, മദ്യവ്യാപനം സംബന്ധിച്ച പ്രതിസന്ധികള്‍ തുടങ്ങിയവയുള്‍പ്പെടുന്ന നിവേദനം കെസിബിസി പ്രസിഡന്റ് മുഖ്യമന്തിക്ക് സമര്‍പ്പിച്ചു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. കെസിബിസി ഉന്നയിച്ച വിഷയങ്ങളില്‍ നീതിപൂര്‍വകമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അറിയിച്ചതായി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അറിയിച്ചു.
Tags : KCBC delegation visits Chief Minister VD Satheesan