കൊച്ചി: കാലികളെ പരിപാലിക്കാൻ വിലകൊടുത്തു വാങ്ങേണ്ടതിനെല്ലാം വില ഉയരുകയും ഉത്പാദിപ്പിക്കുന്ന പാലിനു ന്യായവില കിട്ടാതിരിക്കുകയും ചെയ്യുന്ന ഗതികേടിലാണ് സംസ്ഥാനത്തെ ക്ഷീരകർഷകർ. പാൽവില വർധിപ്പിക്കുമെന്ന് നിയമസഭയ്ക്കകത്തും പുറത്തും പലവട്ടം പറഞ്ഞ സർക്കാരിന്റെ ഉറപ്പുകൾ പാഴ്വാക്കുകളായതിലൂടെ ക്ഷീരമേഖലയിൽ ചുരത്തുന്നത് കർഷകരുടെ നഷ്ടക്കണക്കുകൾ മാത്രം.
ക്ഷീരകർഷകരിൽനിന്നു സംഭരിക്കുന്ന പാലിന് ന്യായമായ വില ഉറപ്പാക്കാൻ സംസ്ഥാനത്ത് പാൽവില വർധിപ്പിക്കുമെന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുമുന്പ് ക്ഷീരവികസന മന്ത്രി പ്രഖ്യാപിച്ചതാണ്. തെരഞ്ഞെടുപ്പിനുശേഷം നടന്ന മിൽമ ഫെഡറേഷന്റെയും ബോർഡിന്റെയും യോഗങ്ങളിൽ ലിറ്ററിന് നാലു രൂപ വില വർധിപ്പിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. എന്നാൽ വില കൂട്ടുമെന്നു പറഞ്ഞ മന്ത്രിയും സർക്കാരും പിന്നീട് അതിൽനിന്നു പിന്മാറി. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി കണക്കിലെടുത്താണ് മിൽമയുടെ തീരുമാനത്തിന് അംഗീകാരം നൽകാൻ സർക്കാർ അന്നു മടിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് വില കൂട്ടുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഉണ്ടായില്ല. പാൽവില വർധനവ് പഠിക്കാൻ നിയോഗിച്ച മൂന്നംഗ സമിതി ലിറ്ററിന് ആറു രൂപവരെ വർധിപ്പിക്കാൻ ശിപാർശ ചെയ്തു മിൽമയ്ക്കു റിപ്പോർട്ട് നൽകിയതാണ്.
ജനുവരിയിൽ നടന്ന മിൽമ ബോർഡ് യോഗം വില വർധിപ്പിക്കാനുള്ള നിർദേശം അംഗീകരിച്ചതാണ്. മേഖലാ യൂണിയനുകളുടെ പ്രതിനിധികളുൾപ്പെടെ ഫെഡറേഷൻ യോഗത്തിൽ ഐകകണ്ഠേ്യനയാണു പാലിന്റെ വില വർധിപ്പിക്കാൻ തീരുമാനമെടുത്തത്. അവിടെയും സർക്കാർ പച്ചക്കൊടി കാട്ടിയില്ല. മൂന്നു വർഷം മുന്പാണ് സംസ്ഥാനത്തു പാൽവില അവസാനമായി വർധിപ്പിച്ചത്. ഉത്പാദനച്ചെലവ് ക്രമാതീതമായി വർധിച്ചതിലൂടെ പ്രതിസന്ധിയിലായ ക്ഷീരകർഷകരുടെയും മിൽമയുടെയും ഭാഗത്തുനിന്ന് ശക്തമായ ആവശ്യമുയർന്നിട്ടും സർക്കാർ പാൽവില വർധിപ്പിക്കാത്ത സ്ഥിതി ഇതാദ്യമാണെന്നു കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ചെലവ് 60, വരവ് 45
ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ ചെറുകിട കർഷകന് 55-60 രൂപവരെ ചെലവ് വരുന്നുണ്ടെന്നാണ് ക്ഷീരവികസന വകുപ്പിന്റെതന്നെ കണക്ക്. അതേസമയം ക്ഷീരസൊസൈറ്റിയിൽ നൽകുന്ന പാലിന് കർഷകനു ലഭിക്കുന്നത് ശരാശരി 40-45 രൂപ. ഉത്പാദനച്ചെലവും വരുമാനവും തമ്മിലുള്ള അന്തരം ആരു പരിഹരിക്കുമെന്നതാണ് ക്ഷീരകർഷകരുടെ ലളിതമായ ചോദ്യം.
കന്നുകാലികളുടെ പരിപാലനത്തിനു ചെറുതല്ല ചെലവ്. പുല്ലും വയ്ക്കോലും ആവശ്യത്തിനു കിട്ടാനില്ല. വലിയ വില നൽകി കാലിത്തീറ്റ വാങ്ങി കൊടുക്കുന്പോഴാകട്ടെ കീശ കാലിയാകുമെന്ന് കർഷകർ.
വിവിധ കാലിത്തീറ്റകളുടെ വില ചാക്കിന് 1,600 രൂപയ്ക്കു മുകളിലെത്തിയിട്ടുണ്ട്. പരുത്തിപ്പിണ്ണാക്ക് കിലോയ്ക്ക് 40-47 രൂപ നൽകണം. ഗോതമ്പു പൊടിക്കാകട്ടെ 30-35 രൂപയാണു വില. വൈക്കോലിന് 35-40 (ഒരു തിരി) രൂപ കൊടുക്കണം.
കറവക്കാരനുള്ള കൂലിയും അനുബന്ധ ചെലവുകളും ചേർത്താൽ കാലിവളർത്തൽ നഷ്ടമാണെന്ന് ചെറുകിടകർഷകർ പറയുന്നു. ഉത്പാദനച്ചെലവ് കൂടിയതിനൊപ്പം ഉത്പാദനം കുറഞ്ഞതും കർഷകർക്കു തിരിച്ചടിയാണ്.
Tags : Milk prices skyrocketed dairy farmers hold back