പ്രതീകാത്മക എഐ ചിത്രം.
ഹൈദരാബാദ്: പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നു രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്, ഇന്ധന ഉപഭോഗം കുറയ്ക്കണം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം.
ഇന്ധനപ്രതിസന്ധിയും മറ്റും മറികടക്കാൻ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്രസർക്കാർ രാജ്യത്തെ വീണ്ടും കോവിഡ് കാലത്തിനു സമാനമായ ലോക്ക്ഡൗണിലേക്കു നയിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
മൂന്നു മാസമായിട്ടും കൃത്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നു കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, പ്രധാനമന്ത്രിയുടെ ആഹ്വാനം ആത്മനിർഭർ ഭാരതത്തിലേക്കുള്ള ചുവടുവയ്പാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
കടുത്ത മിതവ്യയ നടപടികൾ പാലിച്ച് ജനങ്ങൾ സഹകരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആഹ്വാനം ചെയ്തത്. പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുക, വിദേശയാത്രകൾ ഒഴിവാക്കുക, സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്കു മാറ്റിവയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടതു നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. യുദ്ധം തുടങ്ങിയ ശേഷം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് ഉയർന്നതും രൂപയുടെ മൂല്യം 95-ലേക്കു താഴ്ന്നതും രാജ്യത്തിനു വലിയ ബാധ്യതയാകുന്നുണ്ട്.
പെട്രോൾ, ഡീസൽ ഉപഭോഗം പരമാവധി കുറയ്ക്കുക, മെട്രോ സൗകര്യമുള്ള നഗരങ്ങളിൽ അത് ഉപയോഗിക്കുക, കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കുക, കോവിഡ് കാലത്തു നടപ്പാക്കിയ "വർക്ക് ഫ്രം ഹോം' രീതിയും ഓൺലൈൻ മീറ്റിംഗുകളും വീണ്ടും പ്രാവർത്തികമാക്കുക, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നതും അത്യാവശ്യമല്ലാത്ത വിദേശയാത്രകളും ഒഴിവാക്കുക, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുക, രാസവളങ്ങൾക്കു പകരം പ്രകൃതിദത്ത കൃഷി രീതിയിലേക്കു മാറുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.
ആഗോള ഊർജ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇന്ധന വില വരും ദിവസങ്ങളിൽ വർധിപ്പിക്കേണ്ടി വന്നേക്കാമെന്ന സൂചനയും ഔദ്യോഗിക വൃത്തങ്ങൾ നൽകുന്നുണ്ട്. നിലവിൽ പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടമാണ് എണ്ണ കമ്പനികൾ നേരിടുന്നത്.
Tags : Modi oil crisis petrol Covid opposition india