കൊച്ചി: പൊതുപരിപാടികളിൽ സംഗീതം ഉപയോഗിക്കുന്നതിനു സുതാര്യവും ഏകീകൃതവുമായ ഒരു ലൈസൻസിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള (ഇമാക്) ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം.
നിലവിൽ ചില സ്വകാര്യ ഏജൻസികൾ വിവാഹമുൾപ്പെടെയുള്ള സ്വകാര്യ ചടങ്ങുകളിൽ പോലും സംഗീതം ഉപയോഗിക്കുന്നതിന് അമിതമായ ഫീസും ലൈസൻസും ആവശ്യപ്പെടുന്നതാണ് ഈ മേഖലയിലെ പ്രതിസന്ധിക്കു കാരണം. വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗങ്ങൾക്കായി ഇറക്കിയ നിയമങ്ങൾ ഈ ഏജൻസികൾ ദുരുപയോഗം ചെയ്യുകയാണ്.
ഏജൻസികൾ അവരുടെ ഇഷ്ടാനുസരണം നടത്തുന്ന വിലവർധനവ് തടയണം. സർക്കാരിന്റെ അനുമതിയോടെ മാത്രം നിരക്കിൽ മാറ്റങ്ങൾ വരുത്തണമെന്നും ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ ആവശ്യപ്പെട്ടു.
അനധികൃതമായി ഫീസ് ഈടാക്കുന്നതിനെതിരെ നിയമപരമായി നീങ്ങുന്നതും വ്യവസായ മേഖലയുടെ ഏകോപനവും ചർച്ച ചെയ്യാൻ നാലിന് കളമശേരി ചാക്കോളാസ് പവലിയനിൽ വ്യവസായ സംഗമം സംഘടിപ്പിക്കും.
ദേശീയ സംഘടനയായ ഇഇഎംഎ ജനറൽ സെക്രട്ടറി അങ്കുർ കാൽറ, ഇമാക് അംഗങ്ങൾ, ഇവന്റ് കമ്പനി ഉടമകൾ, ഹോട്ടൽ-കൺവെൻഷൻ സെന്റർ ഉടമകൾ, കലാകാരന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
Tags : Music licenses public events Imak