തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ തള്ളി അധികൃതർ. ഇത്തരത്തിൽ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരു വിലക്കുമില്ല. സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും വകുപ്പ് അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
കുട്ടികളെ സ്കൂള്‍ ബസുകളില്‍ തന്നെ അയയ്ക്കണമെന്നും ഓട്ടോയില്‍ സ്കൂളില്‍ അയയ്ക്കുന്നത് ഒഴിവാക്കണമെന്നും എംവിഡി നിര്‍ദേശച്ചതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വിശദീകരണം.