കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ സ്ഥാനാർഥി നിർണയം എൻഡിഎ മുന്നണി ഏകദേശം പൂർത്തിയാക്കി. ജില്ലയിൽ ബിജെപി ഏറ്റവും അധികം പ്രതീക്ഷവയ്ക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വിഐപി സ്ഥാനാർഥി എത്തുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ബിജെപിക്കായി മത്സര രംഗത്തെത്തിയേക്കും.
ജില്ലയിലെ ഒൻപതിൽ എട്ട് സീറ്റുകളിലും ബിജെപി തന്നെ മത്സരിക്കും. കോട്ടയം മണ്ഡലത്തിൽ ബിഡിജെഎസായിരിക്കും മത്സരിക്കുക. ബിഡിജെഎസ് സ്ഥാനാർഥി ആരായിരിക്കുമെന്ന് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കണമെന്നാണ് ബിജെപി നിലപാട്.
ജില്ലയിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്ന പാലായിൽ ഷോൺ ജോർജ് ആയിരിക്കും താമര ചിഹ്നത്തിൽ ജനവിധി തേടുക. പൂഞ്ഞാറിൽ പി.സി. ജോർജ് മത്സരിക്കുന്നില്ലെങ്കിൽ മാത്രം മറ്റൊരു സ്ഥാനാർഥിയെ പരിഗണിക്കും. മത്സരിക്കാൻ ജോർജ് സമ്മതം മൂളുമെന്ന് തന്നെയാണ് റിപ്പോർട്ട്.
അടുത്തിടെ സിപിഎം വിട്ട് ബിജെപിയിൽ ചേക്കേറിയ റെജി ലൂക്കോസ് കടുത്തുരുത്തിയിൽ ജനവിധി തേടുമെന്നാണ് വിവരം. പുതുപ്പള്ളിയിൽ എൻ. ഹരി സ്ഥാനാർഥിയാകും. ഏറ്റുമാനൂരിലേക്ക് ലിജിൻ ലാലിനാണ് പാർട്ടി പ്രഥമ പരിഗണന നൽകുന്നത്.
ചങ്ങനാശേരിയിൽ നഗരസഭാംഗം കൃഷ്ണകുമാർ, രാധാകൃഷ്ണമേനോൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. വൈക്കത്തെ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുകയാണ്.
Tags : kerala assembly election 2026 NDA Kottayam District N Hari Geogre Kurian