കോട്ടയം: സ്കൂള്‍ തുറക്കാന്‍ ഇനി അധികം ദിവസങ്ങളില്ല. പാഠപുസ്തക വിതരണം 85 ശതമാനത്തോളം പൂര്‍ത്തിയായി. യൂണിഫോമും ഈ ദിവസങ്ങളില്‍ വിതരണത്തിനായി എത്തും. പക്ഷേ, ഇതൊന്നുമല്ല സ്കൂള്‍ അധികൃതരെ അലട്ടുന്ന പ്രശ്നം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റാണ് തലവേദന.
അവധിക്കാലമായിട്ടും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി ഓഫീസുകള്‍ കയറിയിറങ്ങുന്നത് പ്രധാനാധ്യാപകരാണ്. എല്ലാ ദിവസവും സ്കൂളില്‍ എത്തിയിട്ടും അമിത ജോലിഭാരത്താല്‍ വലയുകയാണിവര്‍. 31നകം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കില്‍ മാത്രമേ ക്ലാസുകള്‍ തുടങ്ങാനാകൂ.
ഒന്നും രണ്ടുമല്ല ആറ് ഓഫീസുകള്‍ കയറിയിറങ്ങിയാലെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. അഗ്നിരക്ഷാ സേന, വനംവകുപ്പ്, കഐസ്ഇബി, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ് എന്നീ ഓഫീസുകളില്‍നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
പക്ഷേ, ഈ വകുപ്പുകള്‍ക്കൊന്നും കൃത്യമായ നിര്‍ദേശം നല്‍കിയിട്ടില്ല എന്നുള്ളതും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. സ്കൂളുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളുടെ ഒരു ചെക്ക് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഈ ചെക്ക് ലിസ്റ്റ് പരിശോധിച്ച്, അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് വിവിധ വകുപ്പുകള്‍ ചെയ്യേണ്ടത്. പക്ഷേ, എന്ഒസിയാണോ അതോ ചെക്ക് ലിസ്റ്റ് പരിശോധിക്കുകയാണോ വേണ്ടതെന്നാണ് വകുപ്പുകളുടെ ആശയക്കുഴപ്പം.
സ്വിച്ച് ബോര്‍ഡ് കൈയെത്തും ദൂരെ വേണ്ട
ക്ലാസ് മുറികളിലെ സ്വിച്ച് ബോര്‍ഡുകള്‍ കുട്ടികളുടെ കൈയെത്തും ദൂരത്ത് ആയിരിക്കരുതെന്നാണ് കെഎസ്ഇബിയുടെ ചെക്ക് ലിസ്റ്റിലെ പ്രധാന നിര്‍ദേശം. ഇക്കാര്യങ്ങളൊക്കെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിക്കണം. സ്കൂള്‍ അധികൃതര്‍ ഈ പരിശോധനയ്ക്കു മുമ്പ് ട്രഷറിയില്‍ കെഎസ്ഇബിയുടെ പേരില്‍ 550 രൂപ അടയ്ക്കണം. സ്കൂളുകളില്‍ തീപിടിത്തമുണ്ടായാല്‍ കുട്ടികള്‍ക്ക് രക്ഷപ്പെടാനുള്ള സൈന്‍ ബോര്‍ഡുകള്‍ വേണം. അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ സ്കൂള്‍ കോംപൗണ്ടിലെത്താനുള്ള സൗകര്യങ്ങളും വേണം.
സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് കുറഞ്ഞത് 10 വര്‍ഷത്തെ പരിചയമുള്ള ഡ്രൈവര്‍മാരായിരിക്കണം. മോട്ടോര്‍ വാഹനവകുപ്പ് സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ പരിശോധന നടത്തണം.
കുട്ടികള്‍ വാഹനത്തില്‍ നിന്നു യാത്ര ചെയ്യരുത്. വാതിലുകള്ക്കനുസരിച്ച് ഡോര്‍ അറ്റന്‍ഡര്‍മാര്‍, തീ അണയ്ക്കുന്ന സംവിധാനങ്ങള്‍, പ്രഥമശുശ്രൂഷയ്ക്കാവശ്യമായ സാമഗ്രികള്‍, ജിപിഎസ് എന്നിവയും ഉണ്ടായിരിക്കണം.ശുദ്ധജലം ഉറപ്പാക്കാന്‍ സ്രോതസുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനൊപ്പം ജലസംഭരണികളും വൃത്തിയാക്കണം. അയണ്‍ ഫോളിക് ഗുളിക, പാചകത്തൊളിലാളികള്ക്ക് ഹെല്‍ത്ത് കാര്‍ഡ്, പാത്രങ്ങളുടെ വൃത്തി, സുരക്ഷ ഇങ്ങനെ പോകുന്നു ആരോഗ്യമേഖലയിലെ നിര്‍ദേശങ്ങള്‍.
പാമ്പിനെ പേടിക്കണം
പാമ്പും വില്ലനായി എത്തിയിട്ടുണ്ട്. ക്ലാസ് മുറികളിലേക്കും സ്കൂള്‍ കെട്ടിടങ്ങളിലേക്കും പാമ്പ് കടക്കാനുള്ള സാധ്യതകളെല്ലാം പരിശോധിച്ച് പരിഹാരം കണ്ടെത്തിയിരിക്കണം. സ്കൂളിനു സമീപം കാട്, മാലിന്യങ്ങള്‍, വിറക് എന്നിവയൊന്നും കൂടിക്കിടക്കരുത്.
സര്‍പ്പ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുകയും അംഗീകൃത പാമ്പ് പിടിത്തക്കാരുടെ നമ്പര്‍ സ്കൂള്‍ അധികൃതരില്‍ ഒന്നോ രണ്ടോ പേര് സൂക്ഷിക്കണം. വനം വകുപ്പ് 13 സുരക്ഷാ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. അതിനനുസരിച്ചാണ് അനുമതി നല്‍കേണ്ടതെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പരിശോധനയ്ക്കു ശേഷം സര്‍പ്പ വോളണ്ടിയറും സെക് ഷന് ഫോറസ്റ്റ് ഓഫീസറുമാണ് ഒപ്പിടണ്ടത്.
പക്ഷേ,വനം വകുപ്പിലെ ജീവനക്കാരുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജില്ലയിലെ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന നടക്കുകയാണ്. ചില സ്കൂളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ ഇളവു വേണമെന്നാണ് പ്രധാനാധ്യാപകരുടെ ആവശ്യം. ഫിറ്റ്നസ് ചുമതലയ്ക്കായുള്ള ജില്ലാ നോഡല്‍ ഓഫീസര്‍മാരായ ജില്ലാ കളക്ടര്‍മാര്‍ ഇന്നും നാളെയുമായി വിവിധ ജില്ലകളില്‍ ഇതു സംബന്ധിച്ച യോഗം വിളിച്ചിട്ടുണ്ട്.