കടുത്തുരുത്തി: അമിതരക്തസ്രാവമുണ്ടായ നിലയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച യുവതിയുടെ കുഞ്ഞിനെ മരിച്ച നിലയില്‍ വീട്ടില്‍നിന്നു കണ്ടെത്തി.
കുഞ്ഞിന്റെ മരണവുമായി യുവതിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിട്ടുണ്ടോയെന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണെന്ന് കടുത്തുരുത്തി എസ്എച്ച്ഒ ഡി. രെജീഷ്കുമാര് അറിയിച്ചു.
കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. ചികിത്സയിലുള്ള യുവതിയില്‍നിന്നും വിശദമായി മൊഴിയെടുക്കണം. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തതായും എസ്എച്ച്ഒ അറിയിച്ചു.
കടുത്തുരുത്തി സ്വദേശിനിയായ യുവതിയെയാണ് ശനിയാഴ്ച വൈകിട്ട് നാലോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ അമിതരക്തസ്രാവമുണ്ടായ നിലയയില്‍ ആംബുലന്‍സില്‍ എത്തിച്ചത്.
പ്രസവത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളാണ് യുവതിക്കുള്ളതെന്ന് ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. ആശുപത്രിയധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍നിന്ന് മരിച്ച നിലയില്‍ നവജാതശിശുവിനെ കണ്ടെത്തുകയായിരുന്നു.
പൂര്‍ണ ആരോഗ്യവാനായ 3.1 കിലോ തൂക്കമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ ഇവരുടെ വീട്ടില്‍നിന്നു കണ്ടെത്തിയത്. വിവാഹിതയും നാല് കുട്ടികളുടെ മാതാവുമാണ് 39-കാരിയായ യുവതി.
Tags : Newborn baby body found under bed