കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ പെരുമ്പാവൂർ സ്ഥാനാർഥിയും നടിയുമായ ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് റിപ്പോർട്ടുകൾ. ഇതോടെ ലക്ഷ്മിപ്രിയയുടെ സ്ഥാനാർഥിത്വം അനശ്ചിതത്വത്തിലായെന്നാണ് വിലയിരുത്തലുകൾ.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടുത്തെ വോട്ടർപട്ടികയിൽ ലക്ഷ്മിപ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവന്നത്. നേരത്തെ താമസിച്ചിരുന്ന തൃക്കാക്കരയിലെ പട്ടികയിലും പേര് ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം.
ഇതേ തുടർന്നാണ് ബുധനാഴ്ച മണ്ഡലത്തിൽ നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കിയതെന്നും വിവരമുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് പരിപാടി മാറ്റിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തിങ്കളാഴ്ച വരെ വോട്ടർ പട്ടികയിൽ ഫോം ആറ് പ്രകാരം പേര് ചേർക്കാൻ കഴിയും. ഓൺലൈനായി രേഖകൾ സമർപ്പിച്ചാൽ നോമിനേഷൻ അവസാന തീയതിയായ തിങ്കളാഴ്ചയ്ക്ക് മുൻപ് പേര് ഉൾപ്പെടുത്താൻ കഴിയുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
Tags : Lakshmi Priya twenty 20 ernakulam thrikkakkara