കേരള ഹൈക്കോടതി
കൊച്ചി: സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവരുമാനം നോണ്‍ക്രീമിലെയര്‍ വരുമാനപരിധി നിശ്ചയിക്കുമ്പോള്‍ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി.
ശമ്പളവരുമാനവും കാര്‍ഷികവരുമാനവും കൂട്ടിച്ചേര്‍ത്തു പരിഗണിക്കരുതെന്ന സര്‍ക്കാര്‍ നിബന്ധനയുടെ ലക്ഷ്യം ശമ്പളവരുമാനം പൂര്‍ണമായും ഒഴിവാക്കണമെന്നല്ല. രണ്ടുതരം വരുമാനങ്ങളും വെവ്വേറെ കണക്കാക്കണമെന്നാണെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
പ്രഫഷണല്‍ കോഴ്സുകളിലെ പ്രവേശനത്തിനു സംവരണത്തിനായി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിലെ സീനിയര്‍ വൈസ് പ്രസിഡന്റിന്റെ മകളും യുകെയിലെ ബാര്‍ക്ലേയ്സ് ബാങ്കില്‍ ലീഡ് സൊല്യൂഷന് ആര്‍ക്കിടെക്ടായ പ്രവാസിയുടെ മകനും നല്കിയ ഹര്‍ജികള്‍ തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
പ്രതിവര്‍ഷം 1.12 കോടി രൂപയിലധികം വാര്‍ഷിക ശമ്പളവരുമാനവും ആഡംബര കാറുകളും ഫ്ലാറ്റുകളും ആദ്യ ഹര്‍ജിക്കാരന്റെ പിതാവിനു സ്വന്തമായുണ്ടെന്നും 33 ലക്ഷം രൂപയാണു രണ്ടാം ഹര്‍ജിക്കാരന്റെ പിതാവിന്റെ വാര്ഷികശമ്പളമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പിന്നാക്കവിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്കു സംവരണ ആനുകൂല്യം ഉറപ്പാക്കാനാണ് ക്രീമിലെയര്‍ പരിധി നിശ്ചയിച്ചിട്ടുള്ളതെന്നും ഉയര്‍ന്ന വരുമാനമുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാപരമായ തുല്യനീതിക്കു വിരുദ്ധമാണെന്നും വിലയിരുത്തിയ കോടതി ഹര്‍ജിക്കാര്‍ക്കു നിലവിലെ മാനദണ്ഡപ്രകാരം നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയില്ലെന്നു വ്യക്തമാക്കി.
സ്വകാര്യമേഖലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ക്രീമിലെയര്‍ പരിധിയില്‍നിന്ന് ഒഴിവാക്കുന്നത് അര്‍ഹരായ മറ്റു പിന്നാക്ക വിഭാഗക്കാരുടെ അവസരം നഷ്ടപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Tags : KeralaHighCourt Creemileyar Certificat PrivateSector SalaryIncome Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash