തിരുവനന്തപുരം: മയക്കുമരുന്നുകളുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കും വ്യാപനത്തിനുമെതിരേ ആഭ്യന്തരവകുപ്പ് തുടക്കം കുറിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിന്റെ രണ്ടാംഘട്ടമായ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണപരിപാടികളുടെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷനായിരിക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന കാർട്ടൂൺ മത്സരം, റീൽസ് മത്സരം എന്നിവയുടെ സമ്മാന വിതരണവും മുഖ്യപ്രഭാഷണവും ഹൈബി ഈഡൻ എംപി നിർവഹിക്കും.
ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ഫിഷറീസ് - സാമൂഹ്യനീതി മന്ത്രി അബ്ദുൾ ഗഫൂർ, കൊച്ചി മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പള്ളി, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ അനു ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജി.ജി. ആശംസകൾ നേരും.
ഉദ്ഘാടനത്തിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിദ്യാർഥികൾക്ക് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രത്യേകം തെരെഞ്ഞെടുത്ത മൂന്ന് വിദ്യാർഥികൾക്ക് തൂഫാൻ വാരിയർ ബാഡ്ജുകളും സമ്മാനിക്കും.
വി-ഗാർഡ് ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക് എന്നീ സ്ഥാപനങ്ങൾക്കും തൂഫാൻ വാരിയർ ബാഡ്ജുകൾ ആഭ്യന്തരമന്ത്രി സമ്മാനിക്കും.
Tags : Operation Toofan campaign MLAs leadership