കാസർഗോഡ്: പാണക്കാട് കുടുംബത്തെ പുകഴ്ത്തി സമസ്ത കേരള ജംഇയത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. പാണക്കാട് കുടുംബം തണലാണെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉമര്‍ ഫൈസി.
കേരള മുസ്ലിങ്ങളെ നയിക്കുന്നത് പാണക്കാട് തങ്ങളാണെന്നും ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് വിരോധമുള്ള സഖാവാണ് താന്‍ എന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ഒരിക്കലും സഖാവാകാന്‍ കഴിയില്ലെന്നും ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേർത്തു. നേരത്തെ പാണക്കാട് കുടുംബത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെ തുടർന്ന് ഉമര്‍ ഫൈസി മുക്കത്തിനെതിരെ സമസ്തയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇതേ തുടർന്ന് സമസ്ത നേതാക്കള്‍ ഉമർ ഫൈസിയെ ശാസിച്ച് രംഗത്തെത്തിയിരുന്നു. ഉമര്‍ ഫൈസിയുടെ പരാമര്‍ശം സമസ്തയുടെ ഒരു പ്രവര്‍ത്തകനും ഒരിക്കലും ഭൂഷണമല്ലാത്തതും തീര്‍ത്തും അപമര്യാദയുമാണെന്ന് സമസ്ത നേതൃത്വം അന്ന് വിലയിരുത്തിയിരുന്നു.
ഇത്തരം പ്രവര്‍ത്തനം സമസ്തയുടേയോ സമസ്ത പ്രവര്‍ത്തകരുടേയോ രീതിയല്ലെന്നും നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവേദിയിൽ പാണക്കാട് കുടുംബത്തെ പുകഴ്ത്തി ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസംഗം.
Tags : Panakkad family Umar Faizi Mukkam samasta kasargodu