തിരുവനന്തപുരം: പേരൂര്‍ക്കട മ്യൂസിയം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അന്‍സാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിടിയിലായ നന്ദാവനം എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ അനീഷ്‌കുമാറിനെ മ്യൂസിയം പോലീസ് റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അനീഷ്‌കുമാര്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാര്യ 112ല്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്‍സാറും സംഘവും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി അനീഷ്‌കുമാറിന്‍റെ നന്ദാവനത്തിനു സമീപത്തെ വീട്ടിലെത്തി. ഇതിനിടെ പ്രകോപിതനായ അനീഷ് കത്തിയെടുത്ത് അന്‍സാറിനെ കുത്തുകയായിരുന്നു. ഒഴിഞ്ഞുമാറിയതോടെ കുത്തേറ്റത് ചെവിയിലായിരുന്നു.
അന്‍സാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.