തൃശൂർ: തൃശൂർപൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരം ഇന്ന് നടക്കും. രാവിലെ 8.30 ന് ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്തലക്കാവിലമ്മ പതിനൊന്നിന് വടക്കുംനാഥനിൽ പ്രവേശിക്കും. പതിനൊന്നരയോടെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് ഇറങ്ങി ശ്രീ മൂലസ്ഥാനത്തിന് സമീപമുള്ള നിലപാട് തറയിലെത്തി വിളംബരം നടത്തും.
മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആർഭാടരഹിതമാണ് പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വമായ കുടമാറ്റം പതിനഞ്ച് മിനിറ്റ് മാത്രമാക്കി ചുരുക്കി. പരമാവധി പത്ത് സെറ്റ് കുടകളാണ് മാറുന്നത്.
ഞായറാഴ്ചയാണ് തൃശൂർ പൂരം. പൂരത്തിന്റെ ഭാഗമായ പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം വെള്ളിയാഴ്ച ആരംഭിച്ചു. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ ഉദ്ഘാടന പരിപാടികൾ ഒഴിവാക്കി. തിരുവമ്പാടിയുടെ ചമയപ്രദർശനം ഇന്ന് നടക്കും.
ഇത് വെള്ളിയാഴ്ച തുടങ്ങേണ്ടതായിരുന്നു. വെള്ളിയാഴ്ച നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിന് പകരം മുൻ ധാരണാപ്രകാരം ഇരു വിഭാഗവും ഓരോ കതിന പൊട്ടിച്ചു.