തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകും മുമ്പ് എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കേരള എയ്ഡഡ് സ്കൂള്‍ അധ്യാപക-മാനേജ്മെന്റ് പ്രതിനിധികളുടെ സംയുക്ത സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സമൂഹമാണ് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഒരുമിച്ചു കൂടിയിരിക്കുകയാണ്. അവകാശങ്ങളും ആനുകൂല്യങ്ങളും വളരെയേറെ പ്രഖ്യാപിക്കുന്ന ദിനങ്ങളുടെ മധ്യേയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത്.
എല്ലാ ദിവസവും ക്ലാസുകളിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആധ്യാപകരോട് കാണിക്കുന്ന ക്രൂരമായ ഈ സമീപനത്തിന് സര്‍ക്കാര്‍ സമയബന്ധിതമായി ഒരു പരിഹാരം കണ്ടെത്തണം. ഇത് ഒരു അവകാശ പ്രക്ഷോഭം എന്നതിനപ്പുറത്ത് നീതിക്കു വേണ്ടിയുള്ള പ്രക്ഷോഭമാണെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കുക, 2022 മുതലുള്ള അധിക തസ്തികകളിലെ നിയമനങ്ങള്‍ അംഗീകരിക്കുക, കെ-ടെറ്റ് ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള എയ്ഡഡ് സ്കൂള്‍ അധ്യാപക-മാനേജ്മെന്റ് പ്രതിനിധികളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിൽ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.
ശനിയാഴ്ച രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് കൊല്ലം ബിഷപ് പോള്‍ ആന്റണി മുല്ലശേരി, പാറശാല രൂപതാധ്യക്ഷന്‍ ബിഷപ് തോമസ് മാര്‍ യൗസേബിയോസ്, എംഎസ്സി സ്കൂള്‍സ് കറസ്പോണ്ടന്റ് മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോറെപ്പിസ്കോപ്പ, ശിവഗിരി മഠം സ്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ വിശാലനന്ദ സ്വാമികള്‍, എംഇഎസ് സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി കെ.എ.ഹാഷിം തുടങ്ങിയവര്‍ പ്രസംഗിച്ചു.