പ്രതീകാത്മക ചിത്രം
തൃശൂർ: അരമണികിലുക്കിയും താളത്തിനൊത്ത് ചുവടുവെച്ചും പുലിക്കൂട്ടങ്ങൾ തൃശൂരിന്റെ വീഥികൾ കീഴടക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വൈകുന്നേരം നാലോടെ നഗരത്തിൽ പുലിക്കളിയുടെ ആവേശം നിറയും. പുലർച്ചെ മുതൽ മടകളിൽ പുലിയൊരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. പുലിവേഷമണിയാനുള്ളവർ ഊഴം കാത്തുനിൽക്കുമ്പോൾ ഒരുക്കങ്ങൾ കാണാൻ വൻ ജനാവലിയാണ് മടകളിലെത്തുന്നത്.
വരയൻപുലി, വയറൻപുലി, കരിമ്പുലി, ഫ്ലൂറസന്റ് പുലി തുടങ്ങി വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള പുലികൾ ഇത്തവണത്തെ അണിനിരക്കും. കുട്ടിപ്പുലി, പെൺപുലി, ട്രാൻസ്ജെൻഡർ പുലി തുടങ്ങിയ വൈവിധ്യമാർന്ന വേഷങ്ങളും കാഴ്ചക്കാരെ ആകർഷിക്കും. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, വിയ്യൂർ യുവജന സംഘം, ശങ്കരംകുളങ്ങര, പട്ടുരായ്ക്കൽ, ഒളരിക്കര എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ നഗരത്തെ പുലിനഗരമാക്കുന്നത്.
ഓരോ സംഘത്തിലും 51 പുലികൾക്കൊപ്പം വാദ്യസംഘവും നിശ്ചലദൃശ്യങ്ങളുമുണ്ടാകും. കുട്ടൻകുളങ്ങര ദേശമാണ് ആദ്യം സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുക. ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ വൈകുന്നേരം നാലിന് മന്ത്രി ഒ.ജെ. ജനീഷ് ഫ്ലാഗ് ഓഫ് ചെയ്യും. എംജി റോഡ് വഴി ആറ് സംഘങ്ങളും ഷൊർണൂർ റോഡ് വഴി ഒരു സംഘവും വടക്കേ സ്റ്റാൻഡ് വഴി രണ്ട് സംഘങ്ങളും സ്വരാജ് റൗണ്ടിലെത്തും.
Tags : Thrissur Pulikali Cultural Festival Pulikali Celebration