ആലപ്പുഴ: ബിജെപിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ട്. എൻഡിഎയുടെ സ്ഥാനാര്‍ഥി പട്ടിക കണ്ടാൽ ഇക്കാര്യം വ്യക്തമാകും.
മോദി-അമിത് ഷാ-പിണറായി വിജയൻ എന്നിവര്‍ തമ്മിലുള്ള ഡീലാണ് നടന്നിട്ടുള്ളത്. ബിജെപിക്ക് എംഎൽഎമാരെ ഉണ്ടാക്കി കൊടുക്കാനുള്ള ഡീലാണിത്. ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാര്‍ഥി ആരാണ്? എൻഡിഎയ്ക്കുള്ള ഒരോ വോട്ടും ഇടത് മുന്നണിയെ സഹായിക്കാനാണ്.
കേന്ദ്രത്തെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നില്ല. ഇതിൽ നിന്ന് തന്നെ ഡീൽ വ്യക്തമാണ്. പത്തനംതിട്ടയിൽ മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകേണ്ടിവരും. ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം.
ശബരിമലയെ സര്‍ക്കാര്‍ കറവ പശുവാക്കി മാറ്റി. മോദിയെ തൃപ്തിപ്പെടുത്താൻ പിണറായി രാഹുൽ ഗാന്ധിയെ വിമര്‍ശിക്കുകയാണ്. പാലക്കാട്, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ എൻഡിഎ സ്ഥാനാര്‍ഥികള്‍ സിപിഎം-ബിജെപി ഡീലിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
Tags : Ramesh chennithala criticizes bjp cpim deal