കൊച്ചി: തെരഞ്ഞെടുപ്പ് ചൂടിനിടെ കൊച്ചിയില് ഇന്ദിര കാന്റീനിലെത്തി കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രചാരണ തിരക്കിനിടെ പ്രഭാത ഭക്ഷണം കഴിക്കാനായാണ് അദ്ദേഹം എത്തിയത്. ഹൈബി ഈഡന്, ജോസഫ് വാഴയ്ക്കന്, കൊച്ചി മേയര് വി.കെ. മിനിമോള്, ഡെപ്യൂട്ടി മേയര് ആയിരുന്ന തൃപ്പൂണിത്തുറ സ്ഥാനാര്ഥിയായ ദീപക് ജോയ് എന്നിവര് രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.
ഈ തെരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ച് മധുരമായിരിക്കുമെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പില് വിജയമുണ്ടാകും എന്ന കാര്യത്തില് സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു. 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം ലഭിച്ച സന്തോഷവും ചെന്നിത്തല പങ്കുവച്ചു.
പത്തു രൂപയ്ക്ക് മൂന്ന് ഇഡ്ഡലിയും സാമ്പാറും ചട്ണിയും കിട്ടുന്നത് നല്ലകാര്യമാണ്. ഇന്ദിര കാന്റീന് ഒരു മഹാസംഭവമായി മാറുകയാണ്. കൊച്ചി മേയറെയും ഡപ്യൂട്ടി മേയറെയും അഭിനന്ദിക്കുന്നു. യുഡിഎഫ് ഭരണത്തില് വന്നാല് ഇന്ദിര കാന്റീന് കേരളത്തില് വ്യാപിപ്പിക്കാനുള്ള ആലോചനയുണ്ടാകും. ഹൈബി ഈഡനാണ് രാവിലെ ഇവിടെ വന്ന് ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, വിശപ്പുരഹിത നഗരത്തിന്റെ ഭാഗമായി തുടങ്ങിയ സമൃദ്ധി കാന്റീനിന്റെ ഭാഗമായാണ് കൊച്ചി കോര്പ്പറേഷന് ഇന്ദിര കാന്റീനും ആരംഭിച്ചത്. 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം ലഭിക്കും എന്നതാണ് പ്രത്യേകത. കോര്പറേഷനില് യുഡിഎഫ് ഭരണത്തില് എത്തിയതിന് പിന്നാലെയാണ് ഇന്ദിര കാന്റീന് ആരംഭിച്ചത്. ഇത് സമൃദ്ധിയെ തകര്ക്കാനുള്ള ഗൂഢലക്ഷ്യമാണെന്ന വിമര്ശനങ്ങളും ഉയര്ന്നിരുന്നു.
Tags : Ramesh Chennithala Indira Canteen Congress Kochi