പല്ലശന (പാലക്കാട്): ജീവിതത്തിൽ കരുതലും കൈത്താങ്ങുമായ വി.ഡി. സതീശൻ അങ്കിൾ കേരളത്തിന്റെ മുഖ്യമന്ത്രി ആവുന്നതിന്റെ സന്തോഷം വിനോദിനി മധുരം വിതരണംചെയ്തു പങ്കിട്ടു.
ചികിത്സപ്പിഴവിനെതുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന ഒന്‍പതുവയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ വച്ചതു സതീശന്റെ ഇടപെടലിനെ തുടർന്നായിരുന്നു.
വി.ഡി. സതീശന്റെ നേതൃത്വത്തിൽ തനിക്കായി സ്വപ്നഭവനം ഒരുങ്ങാൻ പോകുന്ന പല്ലാവൂർ ജംഗ്ഷനിൽ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടുമൊപ്പമാണു വിനോദിനി ആഹ്ലാദം പങ്കിട്ടത്.
ഒപ്പമുണ്ടായിരുന്ന വിനോദിനിയുടെ അമ്മ പ്രസീദ വികാരഭരിതയായി: “നിയുക്ത മുഖ്യമന്ത്രി എന്റെ മകൾക്കു കൃത്രിമക്കൈ നൽകി പുതുജീവൻ നൽകിയതു ജീവിതം മുഴുവൻ ഓർമിക്കും. സതീശൻസാർ എനിക്കു താങ്ങായി എത്തിയതിനു വലിയ നന്ദിയുണ്ട്.’’
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ, പല്ലശന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എസ്. രാമനാഥൻ, കെ.പി. പ്രഭാകരൻ, മുൻ ഡിസിസി അംഗം ദാസ് പല്ലാവൂർ, മനോജ് പല്ലാവൂർ, കുമാരൻ പല്ലാവൂർ, ഡി. വിഷ്ണുപ്രസാദ്, എസ്. പ്രവീൺ എന്നിവരും വിനോദിനിയുടെ സന്തോഷത്തിൽ പങ്കാളികളായി എത്തിയിരുന്നു.
Tags : V.D. Satheesan Satheesan uncle vinodini Sweet sharing