ശിവഗിരി (വർക്കല): വിദ്യാഭ്യാസം, ശുചിത്വം, സംഘടന, തൊഴിൽ, ആത്മാഭിമാനം എന്നിവയിലൂടെ പുതിയ സാമൂഹ്യരചനയ്ക്കായി ശ്രീനാരായണഗുരു വിഭാവനം ചെയ്ത ശിവഗിരി തീർഥാടനം യുവതലമുറയ്ക്കു പ്രചോദനമാകണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. 93-ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
യുക്തിയെ അടിയറ വയ്ക്കാതെ വിശ്വാസത്തെ ഉയർത്തിപ്പിടിക്കുകയും അന്ധവിശ്വാസത്തെ നിരാകരിക്കുകയും യുക്തിസഹമായ ചോദ്യങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്ത യോഗീവര്യനായിരുന്നു ശ്രീനാരായണഗുരു. ആത്മീയതയുടെയും യുക്തിവാദത്തിന്റെയും സമന്വയം ഗുരുവിനെ തന്റെ കാലത്തു മാത്രം ഒതുങ്ങുന്ന ഒരു വിശുദ്ധനായല്ല, മറിച്ച് ഭാവിയിലേക്കുള്ള വഴികാട്ടിയാക്കി മാറ്റി.
സമൂഹത്തോടുള്ള സേവനം ആചാരങ്ങളേക്കാൾ വലുതാണെന്നും സഹജീവികളോടുള്ള സ്നേഹമാണു ഭക്തിയുടെ സത്യമായ രൂപമെന്നും ഗുരു തെളിയിച്ചു.
കേരളം ലോകത്തിനു നൽകിയ മഹത്തായ സംഭാവനകൾ ആദി ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവുമാണ്. അവരുടെ തത്വചിന്തകൾ മനുഷ്യരാശിയെ ഇനിയും പ്രചോദിപ്പിക്കും-ഉപരാഷ്ട്രപതി പറഞ്ഞു.
ശിവഗിരി മഠത്തിലെത്തിയ ഉപരാഷ്ട്രപതി ശ്രീനാരായണഗുരു മഹാസമാധിയിൽ പ്രാർഥനകളും ശ്രദ്ധാഞ്ജലിയും അർപ്പിച്ചു. ചടങ്ങിൽ ശശി തരൂർ എംപി രചിച്ച ‘ദി സേജ് ഹു റീ ഇമാജിൻഡ് ഹിന്ദുയിസം: ദി ലൈഫ്, ലെസൻസ് ആൻഡ് ലെഗസി ഓഫ് ശ്രീനാരായണ ഗുരു’എന്നതടക്കം നാല് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
ശ്രീനാരായണ ധർണ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ്, ശശി തരൂർ എംപി, ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശിവഗിരി തീർഥാടന സമിതി സെക്രട്ടറി സ്വാമി ശാരദാനന്ദ, സോഹോ കോർപറേഷൻ സ്ഥാപകനും സിഇഒയുമായ ശ്രീധർവെന്പു, ശിവഗിരി തീർഥാടനസമിതി ചെയർമാൻ ഡോ.എ.വി. അനൂപ്, കെ.ജി. ബാബുരാജൻ എന്നിവർ പ്രസംഗിച്ചു.
Tags : Sivagiri pilgrimage inspire youth Indian vice president CP Radhakrishnan