കൊച്ചി: കുവൈറ്റില്‍നിന്ന് നാടു കടത്തപ്പെട്ട് കൊച്ചിയിലെത്തിയശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയ സബ് ഇന്‍സ്പെക്ടര്‍ എ.സി.ബിജുവിനെതിരേ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായി ഹൈക്കോടതിയില്‍ പോലീസിന്റെ റിപ്പോര്‍ട്ട്.
സൂരജ് ലാമയുടെ ഫോട്ടോയും തിരിച്ചറിയല്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയ ക്രൈം കാര്‍ഡ് കൃത്യസമയത്ത് തയാറാക്കി നല്‍കാത്തതിന്റെ പേരിലാണിത്.
സൂരജ് ലാമ അസ്വാഭാവികമായി പെരുമാറുന്ന കാര്യം എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. എന്നാല്‍ വിവരം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം ലാമയെ മെട്രോ ഫീഡര്‍ ബസില്‍ കയറ്റിവിടുകയാണ് ചെയ്തത്.
ഈ കൃത്യവിലോപത്തിന്റെ പേരില്‍ എയ്ഡ് പോസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ സാബു വര്‍ഗീസിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. സൂരജ് ലാമയെ ഉണിച്ചിറ ഭാഗത്ത് കണ്ടപ്പോള്‍ തൃക്കാക്കര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നോക്കാതെ കാക്കനാട് ഭാഗത്ത് ഇറക്കിവിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
അന്വേഷണത്തിന്റെ ഭാഗമായി കുവൈറ്റില്‍നിന്ന് സൂരജ് ലാമയ്ക്കൊപ്പം നാടു കടത്തിയ 12 യാത്രക്കാരില്‍ പലരെയും കണ്ട് മൊഴിയെടുത്തു. കുവൈറ്റില്‍ സൂരജ് ലാമയ്ക്ക് ലഭിച്ച ചികിത്സയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ വിദേശകാര്യ മന്ത്രാലയം വഴി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരില്ലെന്ന കാരണത്താല്‍ ലാമയെ അഡ്മിറ്റ് ചെയ്യാതെ രാത്രിസമയത്ത് ഡിസ്ചാര്‍ജ് ചെയ്ത സംഭവവും ഉണ്ടായെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി: കുവൈറ്റില്‍നിന്ന് നാടുകടത്തി കൊച്ചിയിലെത്തിയ സൂരജ് ലാമയെ ദിവസങ്ങളോളം കാണാതായതിനുശേഷം മരിച്ചനിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഇമിഗ്രേഷനില്നിന്നും പോലീസില്‍നിന്നും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
സൂരജ് ലാമ ഇന്ത്യയിലെത്തിയതു മുതല്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നതുവരെയുള്ള സംഭവങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് നേരത്തെ ജസ്റ്റീസ് ദേവന് രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, തുടര്‍ന്നുള്ള പോലീസ് ഇടപെടല്‍, കാണാതായ ഒരാളുടെ പരാതി കൈകാര്യം ചെയ്യല്‍ എന്നിവയില്‍ കാര്യമായ പോരായ്മകളുണ്ടെന്ന് കോടതി കണ്ടെത്തി.
Tags : Suraj Lama case Police disciplinary action Sub Inspector