കൊച്ചി: ദൈവദാസൻ ഫാ. തിയോഫിന്റെ (തിയോഫിനച്ചൻ: 1913-1968) ധന്യപദവി പ്രഖ്യാപനം 26ന് കൊച്ചി പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ നടക്കും.
രാവിലെ പത്തിന് കെസിബിസിയുടെയും കെആർഎൽസിബിസിയുടെയും പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലുള്ള പൊന്തിഫിക്കൽ സമൂഹബലിയോടനുബന്ധിച്ചാണു പ്രഖ്യാപനം. ഒഎഫ്എം കപ്പൂച്ചിൻ പോസ്റ്റുലേറ്റർ ജനറൽ ഫാ. കാർലോ കല്ലോണി പ്രഖ്യാപനം നടത്തും.
ബിഷപ് ഡോ. സ്റ്റാൻലി റോമൻ വചനപ്രഘോഷണം നടത്തും. അസി. പോസ്റ്റുലേറ്റർ ജനറൽ ഫാ. അന്റോയിൻ ഹദ്ദാദ് ധന്യൻ തിയോഫിനച്ചന്റെ ഛായാചിത്രം അനാഛാദനം ചെയ്യും.
സമൂഹബലിക്കു മുന്നോടിയായി രാവിലെ 9.30ന് തിയോഫിനച്ചന്റെ കബറിടത്തിൽ ദീപം തെളിച്ചു പ്രാർഥനാശുശ്രൂഷയുണ്ടാകും. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനാകും.
കപ്പൂച്ചിൻ സന്യാസവൈദികനായ തിയോഫിനച്ചനെ 2005 ജനുവരി പത്തിനാണ് ദൈവദാസനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ധന്യൻ പദവിയിലേക്ക് ഉയർത്തി.
Tags : Theophanes beatification announced Ponnurunni