കൊച്ചി: ട്രോളിംഗ് നിരോധനം ആരംഭിച്ചതിനു പിന്നാലെ മത്സ്യത്തിനു പൊന്നുംവില. ലഭ്യതക്കുറവ് മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി മത്സ്യത്തിന് വില ഉയർന്നുനിൽക്കുകയായിരുന്നു. നിരോധനംകൂടി വന്നതോടെ വില കുതിച്ചുയരുകയാണ്.
ട്രോളിംഗ് നിരോധനത്തിനുമുമ്പ് കിലോയ്ക്ക് 300 രൂപ വിലയുണ്ടായിരുന്ന ചാളയ്ക്ക് 360 രൂപയായും അയിലയ്ക്ക് 120ല്‍ നിന്ന് 170 രൂപയായും വില ഉയര്‍ന്നു. കിളിമീനിന് 250 രൂപയില്‍നിന്ന് 300 രൂപയായി വര്‍ധിച്ചു.
കരിമീനിന് കിലോ 650 രൂപ മുതലാണു വില. ചില്ലറവില്പന മാര്‍ക്കറ്റുകളിലെത്തുമ്പോള്‍ വില ഇതിലും ഉയരും. ചെമ്മീന്‍ 450 മുതല്‍ 500 വരെയാണു വില. മത്സ്യത്തിന്റെ വലിപ്പത്തിനനുസരിച്ച് വിലയിലും മാറ്റം വന്നിട്ടുണ്ട്.
ചെറുമീനുകള്‍ക്കും വില വര്‍ധിച്ചതോടെ കച്ചവടത്തില്‍ ഇടിവ് സംഭവിച്ചതായി വ്യാപാരികള്‍ പറയുന്നു. കാലാവസ്ഥ പ്രതിസന്ധി തീര്‍ക്കുന്നതിനാല്‍ പരമ്പരാഗത മീന്‍പിടിത്ത തൊഴിലാളികള്‍ക്കും മത്സ്യബന്ധനത്തിനു പോകാന്‍ പറ്റാത്തസ്ഥിതിയാണ്. ഇത് ചെറുകിട കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കുന്നു.
അതേസമയം മത്സ്യവില വര്‍ധിച്ചത് ഹോട്ടല്‍ മേഖലയ്ക്കു തിരിച്ചടിയായി. പാചകവാതക വില വർധനവിനെത്തുടര്‍ന്ന് ഭക്ഷ്യവിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതിനു പിന്നാലെ മത്സ്യത്തിനു വില ഉയര്‍ന്നതോടെ വീണ്ടും വില വര്‍ധിപ്പിക്കേണ്ട അവസ്ഥയിലാണ് ഇവര്‍. ഇതു കച്ചവടത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ പലരും വില വര്‍ധനവ് ഇനിയും നടപ്പിലാക്കിയിട്ടില്ല.
Tags : Trolling ban fish prices soar Increase