കണ്ണൂര്‍: 2021ലെ പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ച 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും (874) പൂര്‍ത്തിയാക്കിയതായി പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ജനങ്ങള്‍ക്കു മുന്നില്‍ കണക്കുകള്‍ അവതരിപ്പിക്കുക എന്നതു സര്‍ക്കാരിന്റെ ഉത്തരവാദിത്വം മാത്രമല്ല, ജനാധിപത്യത്തോടുള്ള ബഹുമാനം കൂടിയാണെന്ന് പിണറായി സഹകരണ ബാങ്ക് ഹാളിൽ നടന്ന പ്രോഗ്രസ് റിപ്പോർട്ട് ചടങ്ങിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
സാധാരണക്കാരന്റെ സ്വപ്നമായ ഭൂമിയും വീടും യാഥാർഥ്യമാക്കി. ലൈഫ് പദ്ധതിയിലൂടെ അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേകം ആവിഷ്കരിച്ച പുനര്‍ഗേഹം പദ്ധതി വഴി 2,782 വ്യക്തിഗത ഭവനങ്ങളും 738 ഫ്ലാറ്റുകളും കൈമാറി.
ഇതോടൊപ്പം 3,952 കുടുംബങ്ങള്‍ക്ക് ഭൂമി രജിസ്ട്രേഷനും ഉറപ്പാക്കി.10 വര്‍ഷത്തിനകം 4,56,689 കുടുംബങ്ങള്‍ക്ക് ഭൂ ഉടമസ്ഥതയുടെ രേഖ -പട്ടയം നല്കി. ഇടുക്കിയിലെ ദശകങ്ങള്‍ നീണ്ട ഭൂതര്‍ക്കങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ നിയമ ഭേദഗതിയും ചട്ടങ്ങളും കൊണ്ടുവന്നു.
2025 നവംബര്‍ ഒന്നിന് ഔദ്യോഗികമായി 64,006 കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തില്‍നിന്നു മോചിപ്പിച്ച് കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം ആയി. ഇത്തരമൊരു ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യയില്‍ ഒരു സംസ്ഥാനവും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല; ലോകത്തുതന്നെ അപൂര്‍വം രാജ്യങ്ങള്‍ മാത്രമേ ഈ ഉയരത്തിലെത്തിയിട്ടുള്ളൂവെന്നു മുഖ്യമന്ത്രി പറഞ്ഞു.
16,40,276 വീട്ടമ്മമാര്‍ക്ക് ഗൃഹജോലിയുടെ മൂല്യം അംഗീകരിക്കുന്ന പ്രതിമാസം 1,000 രൂപ ആനുകൂല്യം നല്കി. ഓര്‍ഫനേജ് അന്തേവാസികള്‍ക്ക് ധനസഹായം 1,100ല്‍ നിന്ന് 1,375 രൂപയായി ഉയര്‍ത്തി. ഏക കിടപ്പാടം ജപ്തി ചെയ്യുന്നതില്‍നിന്ന് സംരക്ഷിക്കാന്‍ ഏക കിടപ്പാടം സംരക്ഷണ നിയമം നടപ്പിലാക്കി 7,29,843 ഫയല്‍ കേസുകള്‍ (59 ശതമാനം) തീര്‍പ്പാക്കി. പിഎസ്സി വഴി 3,13,202 സര്‍ക്കാര്‍ നിയമനം നടപ്പിലാക്കി. മലയാള ഭാഷ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്ന നിയമനിര്‍മാണം.
ജെ.ബി. കോശി കമ്മീഷന് ശിപാര്‍ശകളില്‍ 220 എണ്ണം നടപ്പിലാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ദക്ഷിണേന്ത്യയുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തലത്തിൽ യാഥാര്‍ഥ്യമായി. ദേശീയ പാത വികസനത്തിനു ഭൂമി ഏറ്റെടുപ്പ് ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിച്ചു.
ആനക്കാംപൊയില്‍ - കളളടി - മേപ്പാടി തുരങ്ക പാതയ്ക്ക് എല്ലാ അനുമതിയും ലഭിച്ചു.1,179 കി.മി. മലയോര ഹൈവേ, 605 കി.മീ. തീരദേശ പാത- ലക്ഷ്യബോധത്തോടെ പുരോഗമിക്കുന്നു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 178 വീടുകള്‍ ഒരുക്കിയ മാതൃകാ ടൗണ്‍ഷിപ്പ് കേന്ദ്ര സഹായം ഇല്ലാതിരുന്നിട്ടും. പൂര്‍ത്തിയാക്കി.
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ 150 കോടി ബജറ്റില്‍ നീക്കിവച്ചു. പരാതികള്‍ അറിയിക്കാന്‍ പ്രവാസികള്‍ക്ക് പ്രത്യേക പോലീസ് സ്റ്റേഷന് ആരംഭിച്ചു. യാത്രയില്‍ വേഗമില്ലാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കെ-റെയിലിനായി കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇവിടെ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് ചിലര്‍ സമീപിച്ചത്. കോണ്‍ഗ്രസും ബിജെപിയും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Pinarayi Vijayan Chief Minister progress card Kerala Assembly Election Niyama Sabha Election manifesto