ഒരുപാട് കൗതുകങ്ങളും പ്രത്യേകതകളും ഒളിപ്പിച്ചിട്ടുള്ളതാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പു ചരിത്രം. ചില കണക്കുകൾ പരിശോധിക്കുമ്പോൾ ഇവ ബോധ്യപ്പെടും.
കാലം ഏറെ കടന്നുപോയിട്ടും ഇതുവരെ തിരുത്തപ്പെടാത്ത ചില റിക്കാർഡുകളും കണക്കുകളും കൊണ്ട് സമ്പുഷ്ടമാണ് ഈ ചരിത്രം. അതിൽ, ഏറ്റവും കൗതുകമുണർത്തുന്ന ഒന്നാണ് ഇനിയും തിരുത്തപ്പെടാത്ത 66 വർഷം മുമ്പ് രചിക്കപ്പെട്ട ഉയർന്ന പോളിംഗ് എന്ന് റിക്കാർഡ്.
കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 1960ലാണ്. 85.72 ശതമാനം. ആ റിക്കാർഡ് 66 വർഷം പിന്നിടുമ്പോഴും തിരുത്തിക്കുറിക്കാനായിട്ടില്ല. 1960-ൽ ആകെയുണ്ടായിരുന്നത് 96,04,331 വോട്ടർമാരാണ്. അവരിൽ 82 ലക്ഷത്തിലധികം പേർ വോട്ടുചെയ്യാനെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
1960ൽ 126 സീറ്റുകളാണ് ഉണ്ടായിരുന്നത്. 312 സ്ഥാനാർഥികളാണ് അന്ന് മത്സരിച്ചത്. 1960 ഫെബ്രുവരി ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ് എന്നിവയുടെ സഖ്യം ഭൂരിപക്ഷം നേടുകയും പിഎസ്പിയിലെ പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു.
ജനങ്ങൾ അത്രയധികം ആവേശത്തോടെ പോളിംഗ് ബൂത്തിലേക്കെത്താൻ നിരവധി രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. വിമോചനസമരത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പാണ് 1960-ൽ നടന്നത്. വിമോചനസമരത്തെ തുടർന്ന് ഇംഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കേരള മന്ത്രിസഭയെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
വീണ്ടും തങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അധികാരത്തിലെത്തിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയും അധികാരം പിടിക്കാൻ കോൺഗ്രസും കച്ചക്കെട്ടി ഇറങ്ങിയ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും തങ്ങളുടെ പെട്ടിയിലാക്കാൻ രാഷ്ട്രീയ പാർട്ടികൾ നടത്തിയ നിതാന്ത പരിശ്രമത്തിന്റെ ഫലമായിരുന്നു പോളിംഗ് ശതമാനത്തിലെ കുത്തനെയുള്ള വർധന.
ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് 1957ൽ ഒന്നാം നിയമസഭ തെരഞ്ഞെടുപ്പിലാണ്. മൂന്ന് വർഷം പിന്നിട്ട് രണ്ടാം നിയമസഭയിലേക്ക് 1960ൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പോളിംഗ് കുത്തനെ വർധിച്ച് 85.72 ആയി. 1957ൽ 65.49 ശതമാനം മാത്രമായിരുന്നു പോളിംഗ്. വെറും മൂന്നുവർഷം കൊണ്ട് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ സംഭവിച്ച മാറ്റങ്ങളാണ് പോളിംഗിലെ വർധനവിലേക്ക് നയിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് 80ശതമാനത്തിന് മുകളിൽ പോളിംഗ് ആകെ രണ്ട് തവണ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1960ലും പിന്നീട് 27 വർഷങ്ങൾക്ക് ശേഷം 1987ൽ നടന്ന തെരഞ്ഞെടുപ്പിലും. 1987ൽ 140 സീറ്റുകളിലേക്ക് 1254 പേർ മത്സരിച്ച തെരഞ്ഞെടുപ്പിൽ 80.54ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാൽ അക്കുറിയും 1960ലെ റിക്കാർഡ് പോളിംഗ് തിരുത്തിക്കുറിക്കാനായില്ല.
പൊതുവേ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 70നും 80നും ഇടയിലാണ് ശരാശരി പോളിംഗ് നടക്കാറുള്ളത്. 2021ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.06 ശതമാനമായിരുന്ന പോളിംഗ് ശതമാനം. 2016ൽ 77.35 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ് ശതമാനം. ഇക്കുറി പഴയ കണക്കുകൾ വോട്ടർമാർ തിരുത്തിക്കുറിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Tags : 1960 record break Charitravazhiyil Kerala Assembly Election Niyama Sabha Election