കോഴിക്കോട്: നടി റിനി ആന്‍ ജോര്‍ജിനെതിരേ അധിക്ഷേപ പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്. വി.ഡി.സതീശന് മന്ത്രിസഭയുടെ സത്യപത്രിജ്ഞാ ചടങ്ങില്‍ റിനി വിഐപിയായി പങ്കെടുത്തതിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
വിഐപി പന്തലില്‍ പോലും എത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് റിനി വിഐപി പാസ് നേടി അകത്ത് കയറി കൂടിയതെന്ന് വിജില്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു.
ജ്യോതി വിജയകുമാറിനെ പോലും പോലീസ് തടയുന്നത് കണ്ടു. എന്നാല്‍ റിനി ആന്‍ ജോര്‍ജിനെ ആരും തടഞ്ഞില്ല. പാര്‍ട്ടിക്കെതിരെ സംസാരിക്കുകയും പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാളാണ് റിനി. അതീവ സുരക്ഷയുള്ള തെലങ്കാന മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തു.
ഇത് മുഖ്യമന്ത്രിയോ ഏതെങ്കിലും മന്ത്രിമാരോ അറിഞ്ഞ് ചെയ്തതാണെന്ന് കരുതുന്നില്ല. ഏതെങ്കിലും ഓഫീസില്‍ പണിയില്ലാതെ ഇരിക്കുന്ന ആരെങ്കിലും ഒപ്പിച്ച പാസായിരിക്കണം. ആ ആളിനോടും ആ ആളുകള്‍ക്ക് മുകളിലുള്ള നേതാക്കളോടുമാണ് പറയാനുള്ളത്, ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം. സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ അനുഭവിച്ചതും നമുക്ക് അറിയാമെന്നും വിജിൻ ഫേസ്ബുക്കിൽ കുറിച്ചു.
Tags : youth congress rini ann george