കുമരകം: കോണത്താറ്റു പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയും ചെങ്ങളം കടത്തുകടവിലെ ജ്യൂസ് കട ജീവനക്കാരനുമായ നെവീൻ വിൻസെന്‍റ് ( 32 )മരിച്ചു.
അപകടത്തിൽ സഹയാത്രികൻ ചെങ്ങളം വലിയപുല്ലാട്ട് വീട്ടിൽ കൃഷ്ണകുമാറിന് (അയ്യപ്പൻ -28) സാരമായി പരിക്കേറ്റു. ചെങ്ങളം കടത്തു കടവിലെ ജ്യൂസോ ഷോപ്പ് മാനേജരാണ് തൃശൂർ തട്ടിൽ നടക്കലൻ വീട്ടിൽ നെവിൻ .
ജ്യൂസോ ഷോപ്പിന് എതിർവശം പച്ചക്കറി കട നടത്തുന്ന വ്യക്തിയാണ് കൃഷ്ണകുമാർ . ഇരുവരും കഴിഞ്ഞ രാത്രി 12 - നുള്ള സിനിമ കാണാൻ കുമരകത്തേക്ക് പുറപ്പെട്ടതായിരുന്നു. കോണത്താറ്റു പാലത്തിൽ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്ക് കാറിനെ മറികടന്ന് കുമരകം ഭാഗത്തു നിന്ന് എത്തിയതാണ് അപകടകാരണം.
ബൈക്കിൽ നിന്ന് തെറിച്ച് വീണ നെവീന്‍റെ ശരീരത്തിലൂടെ ടാങ്കർ ലോറിയുടെ ടയർ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റ കൃഷ്ണകുമാറിനെ ആംമ്പുലൻസിൽ മെഡിക്കൽ കോളജിലെത്തിച്ചു.
കുമരകം പോലീസെത്തിയാണ് മൃതദേഹം മെഡിക്കൽ കോളജിലെത്തിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇടതു വാരിയെല്ലുകളും കൈയും ഒടിഞ്ഞ കൃഷ്ണകുമാർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Tags : Youth dies accident bike