പാലാ: തൊടുപുഴ- പാലാ റോഡില്‍ മുണ്ടാങ്കലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വെള്ളൂര്‍ ഇരുമ്പനം താന്നിപ്പള്ളില്‍ മിഥുന് ജോസ് (39) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.30ടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന ബസ് ബൈക്കില്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുന് മരിച്ചു. മിഥുന് ബൈക്കില്‍ തൊടുപുഴ ഭാഗത്തേക്കും ബസ് പാലാ ഭാഗത്തേക്കും പോവുകയായിരുന്നു.
പാലാ-പ്രവിത്താനം - ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ആണ് അപകടത്തിനിടയാക്കിയത്. ഡാബര്‍ കമ്പനിയുടെ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരനാണ് മരിച്ച മിഥുന്.
വിതരണത്തിനായി ഓര്‍ഡര്‍ എടുക്കുന്നതിന് വേണ്ടി ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം. മിഥുന്റെ ഭാര്യ: മന്‍സ. മകന്: മിത്രവ്.
Tags : Youth dies bus-bike collision Midhun Jose death