രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച, തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ജൂൺ പത്തോടെ നരേന്ദ്ര മോദി മാറി. ആദ്യ പൊതുതെരഞ്ഞെടുപ്പിനുശേഷം 4,398 ദിവസം അധികാരത്തിലിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യസമര നായകനായ ജവഹർലാൽ നെഹ്റുവിനെയാണ് അദ്ദേഹം മറികടന്നത്. ആദ്യ തെരഞ്ഞെടുപ്പിനുമുമ്പ് അഞ്ചു വർഷം നെഹ്റു ഇന്ത്യയെ നയിച്ചിരുന്നു.
ഇന്ദിരാഗാന്ധി തുടർച്ചയായല്ലാതെ മൊത്തത്തിൽ കൂടുതൽ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതു യാഥാർഥ്യമാണ്. എങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള മൂന്നു നേതാക്കളിൽ ഒരാളായി മോദി അവർക്കൊപ്പം നിസംശയം ഇടംപിടിക്കുന്നു. അവരെപ്പോലെതന്നെ മോദിയുടെ പാരമ്പര്യവും ഇന്ത്യയുടെ ഭാവിപാതയെ നിർണയിക്കുന്നതായിരിക്കും.
1947നു ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പുനർക്രമീകരണത്തിനാണ് മോദി ഇതിനകം നേതൃത്വം നൽകിയത്. സാമ്പത്തിക നവീകരണത്തിലും ഭരണ സംവിധാനങ്ങളുടെ ശേഷിവികസനത്തിലും അമ്പരപ്പിക്കുന്ന തരത്തിലുള്ള പുരോഗതിക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചു. അതേസമയം, സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിലും ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളുന്നതിലും നിരാശാജനകമായ തിരിച്ചടികൾക്കും അദ്ദേഹം കാരണമായി. ഈ മാറ്റങ്ങളെ വിശകലനം ചെയ്യുന്നത് കേവലം ഒരു അക്കാദമിക് വ്യായാമം മാത്രമല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ എങ്ങനെ മുന്നോട്ടു പോകുമെന്ന് തിരിച്ചറിയാനുള്ള മാർഗംകൂടിയാണ്.
140 കോടിയിലധികം വരുന്ന ജനങ്ങളുടെ ജീവിതത്തെ അടിസ്ഥാനപരമായി മാറ്റിമറിച്ച അത്യാധുനിക സാങ്കേതിക-ഭൗതിക ഇൻഫ്രാസ്ട്രക്ചർ (അടിസ്ഥാന സൗകര്യങ്ങൾ) സൃഷ്ടിച്ചതാണ് മോദിയുടെ ഏറ്റവും വലിയ നേട്ടം. 2014ൽ മോദി പ്രധാനമന്ത്രിയാകുന്നതിനുമുമ്പ് കോടിക്കണക്കിന് ഇന്ത്യക്കാർ ഔപചാരിക ബാങ്കിംഗ് മേഖലയ്ക്ക് പുറത്തായിരുന്നു. അവർ അനൗദ്യോഗിക സംവിധാനങ്ങളെ ആശ്രയിച്ചിരുന്നത് അഴിമതിക്കും വ്യവസ്ഥാപിതമായ പണം ചോർച്ചയ്ക്കും (ഇടനിലക്കാർ കാരണം ഫണ്ട് നഷ്ടപ്പെടൽ) കാരണമായി.
തന്റെ മുൻഗാമി മൻമോഹൻ സിംഗ് തുടക്കം കുറിച്ച പദ്ധതിയെ അടിസ്ഥാനമാക്കി, പരമ്പരാഗത ബാങ്കിംഗ് ഘടനകളെ മറികടക്കുന്ന ഒരു പുതിയ സംവിധാനത്തിന് മോദി കാരണക്കാരനായി. പൂജ്യം ബാലൻസ് ഉള്ള ബാങ്ക് അക്കൗണ്ടുകൾ (ജൻ ധൻ യോജന), ബയോമെട്രിക് തിരിച്ചറിയൽ കാർഡുകൾ (ആധാർ), മൊബൈൽ ഫോൺ നമ്പറുകൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടായിരുന്നു ഇത്. ഈ "ജാം (JAM) ത്രിത്വം' യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിന് (യുപിഐ) ജന്മം നൽകി. വഴിയോര കച്ചവടക്കാർ മുതൽ വൻകിട ടെക് കമ്പനികൾക്കു വരെ സൗജന്യമായി തത്ക്ഷണം ഇടപാടുകൾ നടത്താൻ പ്രാപ്തമാക്കുന്ന ഒരു പൊതു തത്സമയ പേയ്മെന്റ് സംവിധാനമാണിത്.
ഈ സമീപനം കൂടുതൽ പ്രധാനമായി ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനത്തിന്റെ വിപുലീകരണത്തിന് വഴിയൊരുക്കി. ഇതിലൂടെ സബ്സിഡികളും ആനുകൂല്യങ്ങളും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 2013ൽ അവതരിപ്പിച്ചതു മുതൽ ഡിബിടിയും മറ്റ് ക്ഷേമപദ്ധതികൾക്കൊപ്പം ഏകദേശം 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തിൽനിന്ന് കരകയറാൻ സഹായിച്ചിട്ടുണ്ട്. മാത്രമല്ല, ഇടനിലക്കാരെ ഒഴിവാക്കിയതിലൂടെ ഫണ്ട് കൈമാറ്റത്തിലെ അഴിമതി ഗണ്യമായി കുറയ്ക്കാൻ ഈ സംവിധാനത്തിന് കഴിഞ്ഞു. എങ്കിലും സമ്പദ്വ്യവസ്ഥയുടെ മറ്റ് മേഖലകളിൽ അഴിമതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
അടിസ്ഥാനസൗകര്യ വികസനമാണ് മറ്റൊരു നല്ല പൈതൃകം. പതിറ്റാണ്ടുകളായി നിലവാരം കുറഞ്ഞ ലോജിസ്റ്റിക്സ് (വിന്യസനം) സൗകര്യങ്ങൾ ഇന്ത്യയുടെ സാമ്പത്തികവളർച്ചയെ തടസപ്പെടുത്തിയിരുന്നു. മോദി സർക്കാർ ഈ പ്രശ്നത്തെ യുദ്ധകാലാടിസ്ഥാനത്തിൽ സമീപിക്കുകയും ഹൈവേകൾ, വിമാനത്താവളങ്ങൾ, അതിവേഗ റെയിൽ ശൃംഖലകൾ എന്നിവയിലേക്ക് റിക്കാർഡ് നിക്ഷേപം ഒഴുക്കുകയും ചെയ്തു. തുറമുഖങ്ങൾ നവീകരിക്കുന്നു, വികസിപ്പിക്കുന്നു. ഗ്രാമീണ വൈദ്യുതീകരണം വലിയ തോതിൽ പൂർത്തിയായി. മുമ്പ് പൊതുകിണറുകളെ ആശ്രയിച്ചിരുന്ന 10 കോടിയിലധികം ഗ്രാമീണ ഭവനങ്ങളിലേക്ക് ശുദ്ധമായ കുടിവെള്ളം പൈപ്പ്ലൈൻ വഴി എത്തിച്ചുകഴിഞ്ഞു.
വിദേശനയത്തിൽ, നെഹ്റുവിനെപ്പോലെതന്നെ മോദിയും ലോകവേദിയിൽ ഇന്ത്യയെ ശക്തവും സ്വതന്ത്രവുമായ ഒരു ശക്തിയായി ഉയർത്തിക്കാട്ടി. ആഗോള ഭൗമരാഷ്ട്രീയ മത്സരങ്ങളിൽ ഏതെങ്കിലും ഒരു പക്ഷം ചേരുന്നതിനു പകരം, തന്ത്രപരമായ സ്വയംഭരണത്തോടുള്ള ഇന്ത്യയുടെ ദീർഘകാല പ്രതിബദ്ധത അദ്ദേഹം ഉയർത്തിപ്പിടിക്കുകയും "മൾട്ടി-അലൈൻമെന്റ്' (ബഹു-പക്ഷ വിന്യാസം) എന്ന നയം മുന്നോട്ടു വയ്ക്കുകയും ചെയ്തു.
ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുക, അന്താരാഷ്ട്ര വേദികളിൽ ഗ്ലോബൽ സൗത്തിന്റെ (വികസ്വര രാജ്യങ്ങളുടെ) ശബ്ദമായി മാറുക, യൂറോപ്യൻ യൂണിയനുമായും ബ്രിട്ടനുമായുള്ള വ്യാപാര കരാറുകളിൽ ഏർപ്പെടുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇന്ത്യക്ക് നിർണായക പ്രതിരോധ സാമഗ്രികൾ നൽകുന്ന റഷ്യയുമായുള്ള ബന്ധം നിലനിർത്തുന്നതോടൊപ്പംതന്നെ അമേരിക്കയുമായി ശക്തമായ തന്ത്രപരമായ പങ്കാളിത്തം തുടരാനും സാധിച്ചു. ഓസ്ട്രേലിയയും ജപ്പാനും ഒപ്പമുള്ള, യുഎസ് നേതൃത്വത്തിലുള്ള ക്വാഡ് സുരക്ഷാ സഖ്യത്തിന്റെ പ്രധാന തൂണായി ഇന്ത്യ തുടരുന്നു. എങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ക്വാഡിനോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയിലും വളർന്നുവരുന്ന ചൈനയുടെ സ്വാധീനത്തെ തടയാനുള്ള ലക്ഷ്യത്തിലും അടുത്തിടെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ചില തെറ്റുകളും സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇറാൻ യുദ്ധത്തിൽ ഇന്ത്യ അമേരിക്കയുടെയും ഇസ്രയേലിന്റെയും പക്ഷത്താണെന്ന ധാരണ പരത്തുന്നതിന് പകരം, ഒരു നിഷ്പക്ഷ കക്ഷിയായും സാധ്യതയുള്ള ഒരു മധ്യസ്ഥനായും സ്വയം നിലയുറപ്പിക്കണമായിരുന്നു. എന്നിരുന്നാലും, മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള ക്രമത്തിൽ ഒരു സ്വതന്ത്ര ധ്രുവമായി സ്വയം പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ, മോദിയുടെ ഭരണം കടുത്ത വിമർശനങ്ങളും നേരിടുന്നുണ്ട്. മോദി സർക്കാരിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമായ ഹിന്ദുത്വം, രാജ്യത്തെ ജനസംഖ്യയുടെ 80% വരുന്ന ഹൈന്ദവ പൈതൃകത്തിൽ ഇന്ത്യയുടെ സാംസ്കാരിക സ്വത്വം ഉറപ്പിച്ചുനിർത്താൻ ശ്രമിക്കുന്നു. ഇന്ത്യയിലെ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഈ ശ്രമവും മോദിയുടെ ഭാരതീയ ജനതാ പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ അസഹിഷ്ണുതയും അവരുടെ സാമൂഹികവും രാഷ്ട്രീയവുമായ പാർശ്വവത്കരണത്തിന് നേരിട്ട് കാരണമായിട്ടുണ്ട്.
ഇന്ത്യയുടെ ബഹുസ്വരതയുടെ കാവൽക്കവാടങ്ങൾ തകർക്കപ്പെടുകയാണെന്ന് മുന്നറിയിപ്പ് നൽകുന്ന വിമർശകർ ചൂണ്ടിക്കാണിക്കുന്നത് 2019ലെ പൗരത്വ ഭേദഗതി നിയമത്തെയാണ്. ഇത് അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിന് മതം മാനദണ്ഡമായി കൊണ്ടുവരികയും മുസ്ലിംകളെ വ്യക്തമായി ഒഴിവാക്കുകയും ചെയ്തു. തീവ്ര ഹൈന്ദവ ദേശീയ ശക്തികളുടെ വർധിച്ചുവരുന്ന സ്വാധീനവും ന്യൂനപക്ഷങ്ങളെ (പ്രത്യേകിച്ച് മുസ്ലിംകളെ) അധിക്ഷേപിക്കുന്ന ഭരണകക്ഷിയുടെ ശക്തമായ നിലപാടുകളും ഈ ആശങ്ക ഇരട്ടിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വിപുലമായി പറഞ്ഞാൽ, മുഖ്യധാരാ മാധ്യമങ്ങൾ മുതൽ തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇൻഫർമേഷൻ കമ്മീഷൻ തുടങ്ങിയ സ്വതന്ത്ര ദേശീയ മേൽനോട്ട സമിതികൾ വരെയും, നീതിന്യായ വ്യവസ്ഥയുടെ ചില ഭാഗങ്ങളെപ്പോലും നിഷ്പ്രഭമാക്കാനോ കൂടെക്കൂട്ടാനോ മോദി സർക്കാർ ശ്രമിക്കുന്നു എന്ന വിമർശനമുണ്ട്. സ്വതന്ത്ര മാധ്യമപ്രവർത്തകരും സിവിൽ സൊസൈറ്റി സംഘടനകളും രാഷ്ട്രീയ എതിരാളികളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ കടുത്ത നിയമപരവും സാമ്പത്തികവുമായ പരിശോധനകൾ നിരന്തരം നേരിടുന്നു. ആഗോള ജനാധിപത്യ നിരീക്ഷകർ ഇന്ത്യയുടെ പൗരസ്വാതന്ത്ര്യ ഇടങ്ങൾ ചുരുങ്ങുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും രാജ്യത്തെ "തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം' അല്ലെങ്കിൽ "ലിബറലല്ലാത്ത ജനാധിപത്യം' (illiberal democracy) എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ സാമ്പത്തിക വെല്ലുവിളികളും നേരിടുന്നുണ്ട്. അതിവേഗം വളരുന്ന ആഭ്യന്തര നിർമാണ മേഖലയും ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവുമുള്ള, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ എന്നത് സത്യമാണ്. എന്നാൽ, ഓരോ വർഷവും തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കൾക്ക് ആവശ്യമായ ഉയർന്ന നിലവാരമുള്ള, ഔദ്യോഗിക മേഖലയിലെ തൊഴിലവസരങ്ങളായി മാറാൻ അതിന് കഴിഞ്ഞിട്ടില്ല.
ചിലരെ സംബന്ധിച്ചിടത്തോളം, മുൻപത്തെ സ്ഥിതിയെ തകർത്തെറിഞ്ഞ്, ഒരു പതിറ്റാണ്ട് മുമ്പത്തേക്കാൾ വേഗമുള്ളതും പ്രാപ്തിയുള്ളതും ആഗോളതലത്തിൽ ശക്തവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുത്ത, പുത്തൻ നാഗരിക ആത്മവിശ്വാസം ഉയർത്തിപ്പിടിക്കുന്ന നേതാവാണ് മോദി. എന്നാൽ മറ്റു ചിലർക്കാകട്ടെ, ഇന്ത്യ ദീർഘകാലമായി അഭിമാനത്തോടെ കാത്തുസൂക്ഷിച്ച ഉദാര-ജനാധിപത്യ മാനദണ്ഡങ്ങളെയും സജീവമായ സംവാദങ്ങളെയും ഇല്ലാതാക്കിയ വ്യക്തിയാണ് അദ്ദേഹം.
ഈ രണ്ട് വിലയിരുത്തലുകൾക്കും അവരുടേതായ ന്യായങ്ങളുണ്ട്. മാത്രമല്ല, ഈ രണ്ട് ഫലങ്ങളും ഉണ്ടാകുന്നത് ഒരേ പ്രതിഭാസത്തിൽനിന്നാണ്: അധികാരത്തിന്റെ കേന്ദ്രീകരണം. അടിസ്ഥാനസൗകര്യം വികസിപ്പിക്കാനും ആനുകൂല്യ വിതരണ സമ്പ്രദായം ശക്തമാക്കാനും ഭൗമരാഷ്ട്രീയ കരുത്ത് പ്രകടിപ്പിക്കാനും മോദി സർക്കാരിനെ പ്രാപ്തമാക്കിയ അതേ മാറ്റങ്ങൾ തന്നെയാണ് ഇന്ത്യയുടെ ബഹുസ്വര സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും ന്യൂനപക്ഷങ്ങൾക്കെതിരായ അസഹിഷ്ണുതയ്ക്കും ഭീഷണികൾക്കും വഴിയൊരുക്കുകയും ചെയ്തത്.
മോദിയുടെ കീഴിലുള്ള ഇന്ത്യ എന്നത് കേവലമൊരു സാമ്പത്തിക അദ്ഭുതമോ അതല്ലെങ്കിൽ കേവലമൊരു ജനാധിപത്യ തകർച്ചയോ മാത്രമല്ല. ഇത് തനതായ പാതയിലൂടെ സഞ്ചരിക്കുന്ന, അഭിലാഷങ്ങളുള്ള ഒരു ശക്തമായ രാജ്യമാണ്. ലോകം അതിനെ ആ സങ്കീർണമായ യാഥാർഥ്യങ്ങളോടെതന്നെ വേണം ഉൾക്കൊള്ളാൻ.
Tags : How Modi transformed India