താപസനും കർമയോഗിയുമായി ഒരേസമയം പ്രശോഭിച്ച വിശുദ്ധ ചാവറ പിതാവിന്റെ (1805-1871) ചരമവാർഷികത്തിൽ കേരളജനത ഏറ്റവും നന്ദിയോടെ ഓർക്കുന്നതും ഓർക്കേണ്ടതും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ, മുദ്രാലയരംഗത്തെ സംഭാവനകളുൾപ്പെടെ മലയാളക്കരയിൽ അദ്ദേഹം ആരംഭിച്ച നൂതന സംരംഭങ്ങളാണ്. ‘കാലത്തിനു മുന്പേ നടന്ന നവോത്ഥാന നായകൻ’ എന്ന് പ്രഫ. എ. ശ്രീധരമേനോനും ‘കേരള നവോത്ഥാനത്തിന്റെ ശുക്രനക്ഷത്രം’ എന്ന് പ്രഫ. എം.കെ. സാനുവും ‘സുറിയാനി സഭയിൽനിന്നൊരു നവോത്ഥാന നായകൻ’ എന്ന് പി. ഗോവിന്ദപ്പിള്ളയും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
സുകുമാർ അഴീക്കോട് ചാവറയച്ചനെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു: “പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടും സൃഷ്ടിച്ച ആളായിരിക്കും. ഇങ്ങനെയുള്ളവരെയാണ് യുഗസ്രഷ്ടാക്കൾ എന്നു വിളിക്കുന്നത്. ചാവറയച്ചൻ അത്തരത്തിൽ ഒരു യുഗസ്രഷ്ടാവായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച് കേരളസമൂഹത്തിന് ശക്തിയും വെളിച്ചവും പകർന്ന ചാവറയച്ചൻ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്ക് സൂര്യതേജസായി ചൂടും വെളിച്ചവും പകരുന്നു. ഇത് തുടർന്നുകൊണ്ടേയിരിക്കും.” അതുപോലെ പ്രഫ. എം. ലീലാവതി ചാവറയച്ചനെ ഇപ്രകാരം അനുസ്മരിക്കുന്നു: “ചാവറ കുര്യാക്കോസച്ചൻ സേവനത്തിനായി സ്വയം ഉഴിഞ്ഞുവച്ച് അനുഗൃഹീതാത്മാവായി. വാസ്തവത്തിൽ, എല്ലാ തണൽമരങ്ങളും അനുഷ്ഠിക്കുന്നത് നിസ്വാർഥമായ സേവനകർമമാണ്. എല്ലാ മനുഷ്യരും തണൽമരങ്ങളുടെ കർമമേറ്റെടുക്കാൻ ശക്തരാകുന്നില്ല. അതിനു ശക്തരാകുന്നവർ നൂറ്റാണ്ടുകൾക്കിടയ്ക്ക് വല്ലപ്പോഴുമേ പ്രത്യക്ഷരാകുന്നുള്ളൂ. അത്തരത്തിൽപ്പെട്ട ഉറ്റവനായ മഹാമനുഷ്യചൈതന്യമാകുന്നു ചാവറ.”
ശ്രീനാരായണ ഗുരുവിന്റെ (1856-1928) പ്രശസ്തമായ അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നത് 1888ലാണ്. അതുപോലെ ശ്രീനാരായണ ഗുരുവിന്റെയും ഡോ. പത്മനാഭൻ പൽപ്പുവിന്റെയും നേതൃത്വത്തിൽ എസ്എൻഡിപിയുടെ സ്ഥാപനം 1902ലും. 1907ൽ ‘സാധുജന പരിപാലനയോഗം’ ആരംഭിച്ച ശ്രീ അയ്യങ്കാളിയുടെ ജീവിതകാലം 1863 മുതൽ 1941 വരെയാണ്. ചട്ടന്പിസ്വാമികൾ (1853-1924), ‘യോഗക്ഷേമസഭ’ 1908ൽ സ്ഥാപിച്ച വി.ടി. ഭട്ടതിരിപ്പാട് (1896-1982), പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ എന്ന് ഏഴാം ക്ലാസ് പാഠപുസ്തകം വിശേഷിപ്പിക്കുന്ന പൊയ്കയിൽ യോഹന്നാൻ (1879-1939), വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932), ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകൻ വാഗ്ഭടാനന്ദൻ (1885-1939) എന്നീ കേരള നവോത്ഥാന നായകരെല്ലാവരും ചാവറയച്ചന്റെ കാലശേഷം കേരള നവോത്ഥാനരംഗത്തു പ്രശോഭിച്ചവരാണ്. എന്നാൽ, ചാവറയച്ചനൊഴികെയുള്ള മുകളിൽ പരാമർശിച്ചിട്ടുള്ള നവോത്ഥാന നായകരെല്ലാവരുംതന്നെ സ്വസമുദായത്തിന്റെ നവീകരണത്തിനും പരിഷ്കരണത്തിനും വളർച്ചയ്ക്കുമായി അധ്വാനിച്ചപ്പോൾ ചാവറയച്ചൻ സ്വസമുദായത്തിൽ തുടങ്ങിയശേഷം കേരള സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവരുടെ സർവതോമുഖമായ ഉന്നമനത്തിനായി നാനാജാതി മതസ്ഥർക്കുമായി സംസ്കൃത സ്കൂൾ സ്ഥാപനത്തിലൂടെയും; ‘പള്ളിക്കൊരു പള്ളിക്കൂടം’ എന്ന ഉത്തരവിലൂടെയും ചാവരുളിലൂടെ നൽകിയ സാമൂഹിക പരിഷ്കരണ നിർദേശങ്ങളിലൂടെയും അനാഥാലയ സ്ഥാപനത്തിലൂടെയും, കേരളത്തിലെ ആദ്യത്തെ സന്യാസിനീ സഭയുടെ സ്ഥാപനത്തിലൂടെ നേടിയെടുത്ത വനിതാ ശക്തീകരണത്തിലൂടെയും നാളാഗമ രചനയിലൂടെ കേരള ചരിത്രത്തിനു നൽകിയ അതുല്യ സംഭാവനകളിലൂടെയും ആദ്ധ്യാത്മിക സാഹിത്യകൃതികളിലൂടെ ആധ്യാത്മിക സാഹിത്യ മണ്ഡലങ്ങളിൽ നൽകിയ ഉത്തേജനത്തിലൂടെയും നവോത്ഥാന നായകരിൽ അഗ്രഗണ്യനായി മാറി എന്നുള്ളതാണ് വസ്തുത.
1846ൽ മാന്നാനത്ത് ചാവറയച്ചൻ ആരംഭിച്ച സംസ്കൃത സ്കൂളിനെപ്പറ്റി അദ്ദേഹത്തിന്റെ നാളാഗമത്തിൽ പരാമർശമില്ലെങ്കിലും അദ്ദേഹത്തിന്റെ സമകാലീനനായ പാറപ്പുറത്ത് വർക്കിയച്ചൻ തന്റെ നാളാഗമത്തിൽ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് ചാവറയച്ചന്റെ ജീവചരിത്രകാരനായ വലേരിയനച്ചൻ ഉദ്ധരിക്കുന്നുണ്ട്. ഈ സ്കൂളിന്റെ തുടർച്ചയാണ് ചാവറയച്ചൻ എഴുതിയുണ്ടാക്കുകയും അദ്ദേഹത്തിന്റെ ആഗ്രഹാനുസരണം അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന ബെർണഡിൻ ബാച്ചിനെല്ലി ഒപ്പിട്ട് പുറത്തിറക്കുകയും, തുടർന്ന് കേരള സുറിയാനി കത്തോലിക്കരുടെയെല്ലാം വികാരി ജനറാളായിരുന്ന ചാവറയച്ചൻ തന്റെ അധീനതയിലുള്ള പള്ളികളിലെല്ലാം നടപ്പിലാക്കുകയും ചെയ്ത ‘പള്ളിക്കൊരു പള്ളിക്കൂടം’ എന്ന കല്പന. ഈ കല്പനയുടെ ഉപജ്ഞാതാവ് ചാവറയച്ചൻതന്നെയായിരുന്നുവെന്ന് ചരിത്രകാരന്മാരായ വലേരിയനച്ചൻ (1936), ഷെവ. കെ.സി. ചാക്കോ (1959), പി.ടി. തോമസ് (1956), പി.ജെ. തോമസ് (1961), ഫാ. മത്തിയാസ് മുണ്ടാടൻ (2008) എന്നിവർ ചരിത്രരേഖകൾ ഉദ്ധരിച്ചുകൊണ്ട് സമർഥിച്ചിട്ടുള്ളതും ചാവറയച്ചന്റെ സ്വന്തം കൈപ്പടയിലുള്ള പ്രസ്തുത കല്പന മാന്നാനം ആശ്രമത്തിന്റെ ആർക്കൈവ്സിൽ കണ്ടതായി മത്തിയാസ് മുണ്ടാടനച്ചൻതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമാണ്. 1864ൽ ഇറങ്ങിയ പ്രസ്തുത കല്പന അതിനും വർഷങ്ങൾക്കുമുന്പേ ഇറങ്ങിയ ബർണഡിൻ ബാച്ചിനെല്ലിയുടെ വേദപാഠ പഠനത്തിനായി ഞായറാഴ്ച മാറ്റിവയ്ക്കണമെന്നുള്ള കല്പനയുമായി തെറ്റിദ്ധരിച്ച് ‘പള്ളിക്കൊരു പള്ളിക്കൂടം’ കല്പന, പ്രസ്തുത മെത്രാന്റേതായി അവതരിപ്പിക്കുന്നുമുണ്ട്.
ചാവറയച്ചൻ തന്റെ ചാവരുളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ഭക്തിയെ വർധിപ്പിക്കുന്ന ജ്ഞാനപുസ്തകങ്ങളും തത്വശാസ്ത്ര പുസ്തകങ്ങളും മക്കൾക്ക് സന്പാദിച്ചുവയ്ക്കേണ്ട നിക്ഷേപങ്ങളാകുന്നു. ഇപ്രകാരമുള്ള പുസ്തകങ്ങളെ ശക്തിപോലെ വാങ്ങി ശേഖരിക്കുക. അതുപോലെ ചാവറയച്ചൻ 1850ൽ വൈദികർക്കെഴുതിയ സർക്കുലറിലും ജ്ഞാനസന്പാദനത്തിനായി പുസ്തകപാരായണം വേണമെന്നു നിഷ്കർഷിക്കുന്നുണ്ട്. ഇത് ചാവറയച്ചന്റെ അടിയുറച്ച ഒരു ബോധ്യമായിരുന്നു. അതിനാലാണ് അദ്ദേഹം സംസ്കൃത സ്കൂളും പ്രസും മാന്നാനത്ത് സ്ഥാപിക്കുകയും സെമിനാരി മൽപ്പാനായി ജോലിചെയ്തിരുന്നപ്പോൾത്തന്നെ ധാരാളം ഗ്രന്ഥങ്ങൾ സ്വയമായി എഴുതി പ്രസിദ്ധീകരിക്കുകയും അതോടൊപ്പം തമിഴ്, ലത്തീൻ, സുറിയാനി ഭാഷകളിൽനിന്നു ധാരാളം ഗ്രന്ഥങ്ങൾ മലയാളത്തിലേക്കു തർജമചെയ്ത് പ്രസിദ്ധീകരിച്ചതും.
“അനസ്താസിയായുടെ രക്തസാക്ഷിത്വം” എന്ന മലയാളത്തിലെ ആദ്യഖണ്ഡകാവ്യത്തിന്റെ രചയിതാവായ ചാവറയച്ചന്റെ ആത്മാനുതാപം എന്ന കാവ്യവും മരണവീട്ടിൽ പാടുന്നതിനുള്ള പാന, ധ്യാന സല്ലാപങ്ങൾ, ഇടയനാടകങ്ങൾ തുടങ്ങി അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് വിരിഞ്ഞ സാഹിത്യസംരംഭങ്ങൾ ചാവറയച്ചനെ അനശ്വരനാക്കുന്നവയാണ്. 1855ൽ ഇന്നത്തെ സിഎംഐ സഭയ്ക്ക് കാനോനികമായി കത്തോലിക്കാ സഭയുടെ അംഗീകാരം ലഭിച്ച വേളയിൽ ആ സഭയിലെ ആദ്യ അംഗമായി വ്രതവാഗ്ദാനം നടത്തുകയും സഹസന്യാസികളുടെ സന്യാസ വ്രതവാഗ്ദാനങ്ങൾ സഭയുടെ നാമത്തിൽ സ്വീകരിക്കുകയും ചെയ്തതുവഴി സിഎംഐ സമൂഹത്തിന്റെ സ്ഥാപകനായി ഉയർന്ന ചാവറയച്ചൻ, തന്റെ ചിരകാല സ്വപ്നമായ സ്ത്രീശക്തീകരണ സംരംഭങ്ങളിലേക്കു കടന്നത് 1866ൽ മാത്രമാണ്. 1829ൽ അർത്തുങ്കൽ പള്ളിയിൽവച്ച് പുത്തൻ കുർബാന ചൊല്ലുന്ന സമയത്ത് ചാവറയച്ചൻ തന്റെ നിയോഗമായി വച്ച് പ്രാർഥിച്ച കാര്യങ്ങൾ കേരളക്കരയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി സന്യാസഭവനങ്ങൾ ഉണ്ടായിക്കാണണമെന്നതായിരുന്നു. 1831ൽ സിഎംഐ സഭയുടെ സ്ഥാപനത്തോടുകൂടി, അതിലെ ആദ്യഭാഗം സാക്ഷാത്കരിക്കപ്പെട്ടെങ്കിൽ, സ്ത്രീകൾക്കായി ഒരു സന്യാസസഭയുടെ സ്ഥാപനമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് 1866 ഫെബ്രുവരി 17ന് കൂനമ്മാവിൽ ഒരു പനന്പുമഠത്തിൽ ചാവറയച്ചൻ സ്ത്രീകർക്കായുള്ള കർമലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപിച്ചപ്പോഴാണ്.
ഈ സന്യാസിനീ സഭയുടെ സ്ഥാപകൻ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻതന്നെയാണ് എന്നത് ആനുകാലിക ചരിത്രരേഖകൾ നിസംശയം വെളിവാക്കുന്നുണ്ട്. 1866 മുതൽ 1890 വരെയുള്ള കൂനമ്മാവ് മഠത്തിന്റെ നാളാഗമങ്ങൾ, ചാവറയച്ചന്റെതന്നെ നാളാഗമം, മഠസ്ഥാപനത്തിൽ ചാവറയച്ചനെ ഏറ്റവുമധികം സഹായിച്ച ലെയോപോൾദ് ബെക്കാറോ എന്ന ഇറ്റാലിയൻ കർമലീത്താ വൈദികന്റെ സാക്ഷ്യം, ചാവറയച്ചന്റെ മരണസമയത്ത്, അതായത് 1871 ജനുവരി മൂന്നിന് ചാവറയച്ചനെപ്പറ്റി വിവിധ ആശ്രമങ്ങളിലെ നാളാഗമങ്ങളിലെ വിവരണം എന്നിവയെല്ലാം ചാവറയച്ചനാൽ സ്ഥാപിക്കപ്പെട്ടതാണ് കർമലീത്ത നിഷ്പാദുക മൂന്നാംസഭ എന്ന ചരിത്രവസ്തുത അർഥശങ്കയ്ക്കിടം നൽകാത്തവിധം വ്യക്തമാക്കുന്നു. ഇതേ വസ്തുത വത്തിക്കാൻ രേഖകളിലും നാം ആവർത്തിച്ച് കാണുന്നു. 1984 ഏപ്രിൽ ഏഴിന് വത്തിക്കാനിൽനിന്നു ചാവറയച്ചന്റെ ധീരോചിത പുണ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയിൽ വത്തിക്കാൻ ഇങ്ങനെ പ്രഖ്യാപിച്ചിരുന്നു: “കൂടാതെ, അതായത്, 1866ൽ ലെയോപ്പോൾദ് ബെക്കാറോ ഒസിഡിയുടെ സഹകരണത്തോടെ അദ്ദേഹം സ്ത്രീകൾക്കുവേണ്ടിയുള്ള സന്യാസസഭ സ്ഥാപിച്ചു.” 1986ൽ ചാവറയച്ചനെയും അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ അപ്പസ്തോലിക തിരുവെഴുത്തിൽ ചാവറയച്ചന്റെ മഠം സ്ഥാപനത്തെപ്പറ്റി എഴുതിയിരുന്നത് ഇപ്രകാരമാണ്. “അതിനുശേഷം കർമലീത്താ മിഷനറിയായ ലെയോപ്പോൾദ് ബെക്കാറോയുടെ സഹകരണത്തോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ത്രീകൾക്കായുള്ള ഒരു സന്യാസസഭ 1866ൽ അദ്ദേഹം സ്ഥാപിച്ചു.”
1986 ഫെബ്രുവരി എട്ടിന് കോട്ടയത്തുവച്ച് ചാവറയച്ചനെയും അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച വിശുദ്ധ കുർബാനയുടെ മധ്യേയുള്ള തന്റെ പ്രസംഗത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ചാവറയച്ചന്റെ മഠം സ്ഥാപനത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്: “അതിനുശേഷം ഇറ്റാലിയൻ മിഷനറി ലെയോപ്പോൾദ് ബെക്കാറോയുടെ സഹായത്തോടുകൂടി അദ്ദേഹം സ്ത്രീകൾക്കായുള്ള ഒരു ഇന്ത്യൻ സന്യാസിനീ സമൂഹം കർമലയിലെ മാതാവിന്റെ കോൺഗ്രിഗേഷൻ എന്ന പേരിൽ സ്ഥാപിച്ചു.” 2014 നവംബർ 23ന് ഫ്രാൻസിസ് മാർപാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചുകൊണ്ടു പുറപ്പെടുവിച്ച പ്രമാണരേഖയിലും ചാവറയച്ചൻ 1866ൽ കൂനമ്മാവിൽ സന്യാസിനീ സഭ സ്ഥാപിച്ചതായി വ്യക്തമാക്കുന്നുണ്ട്. “In February 1866 along with others he founded the third order of the Discalced Carmelites at Koonammavu thus providing an opportunity for Indian women to have access to consecrated life.”
അങ്ങനെ കേരള കത്തോലിക്കാ സഭയിലെ സന്യാസത്തിന്റെ പിതാവായ ചാവറയച്ചന്റെ ആദ്ധ്യാത്മിക പൈതൃകം പേറുന്ന സിഎംഐ, സിഎംസി സന്യാസസമൂഹങ്ങളും ചാവറയച്ചൻ സ്ഥാപിച്ച മാന്നാനം പ്രസിൽ മുദ്രണം ആരംഭിച്ച അക്ഷരമുത്തശിയായ ദീപികയും, ചാവറയച്ചന്റെ പള്ളിക്കൊരു പള്ളിക്കൂടം കല്പന വഴി കേരളക്കരയിലാരംഭിച്ച വിദ്യാഭ്യാസ വിപ്ലവവും 1843ൽ ചാവറയച്ചൻ കൈനകരിയിൽ ആരംഭിച്ച നല്മരണസഭ എന്ന പേരിലുള്ള വൃദ്ധർക്കായുള്ള അനാഥമന്ദിരത്തിലൂടെ ഉദ്ഘാടിത മായ രോഗികൾക്കും അനാഥർക്കുമായുള്ള സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും 1861ൽ ചാവറയച്ചൻ നടത്തിയ റോക്കോസ് ശീശ്മയ്ക്കെതിരേയുള്ള ഐതിഹാസികമായ സമരവുമെല്ലാം ഇന്നും അദ്ദേഹത്തിന്റെ ഓർമകളെ അനശ്വരമായി നിലനിർത്തുന്നു.
കേരളത്തിലെ ആദ്യ പ്രസിന്റെ സ്ഥാപനം
ചാവറയച്ചൻതന്നെ തന്റെ നാളാഗമത്തിൽ വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് വളരെക്കാലത്തെ തന്റെ ശ്രമകരമായ പരിശ്രമങ്ങളുടെ പരിസമാപ്തിയായി 1846ൽ മാന്നാനത്ത് മരംകൊണ്ടുള്ള അച്ചുകൂടത്തിന്റെ സ്ഥാപനം. 1846ൽ തിരുവനന്തപുരത്തു ചെന്ന് അവിടത്തെ ഗവൺമെന്റ് പ്രസ് കണ്ട് അതിന്റെ മാതൃകയിൽ മാന്നാനത്ത് ചാവറയച്ചൻ ഉണ്ടാക്കിച്ചതായിരുന്നു പ്രസ്തുത മരപ്രസ്. കേരള കത്തോലിക്കർക്ക് അതുവരെ മലയാളത്തിൽ അച്ചടിച്ച പുസ്തകങ്ങളൊന്നുമുണ്ടായിരുന്നില്ല. ഈ കുറവാണ് മാന്നാനം പ്രസിന്റെ സ്ഥാപനത്തോടെ ചാവറയച്ചൻ പരിഹരിച്ചത്.
ചാവറയച്ചന്റെതന്നെ ചരിത്രവിവരണത്തെ തമസ്കരിച്ചുകൊണ്ട് ചാവറയച്ചൻ തന്റെ തിരുവനന്തപുരം യാത്രയിൽ കൂടെ കൊണ്ടുപോയ ആർട്ടിസ്റ്റായ മുട്ടുചിറ സ്വദേശിയായ പൗലോസ് പറന്പിൽ അച്ചനെ, മാന്നാനം കൊവേന്തയിൽ സ്ഥാപിക്കപ്പെട്ട പ്രസ്തുത മുദ്രാലയത്തിന്റെ സ്ഥാപകനായി ചിത്രീകരിക്കാനുള്ള ഒരു ശ്രമവും ഈ ലേഖകന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. ചാവറയച്ചന്റെ നാളാഗമത്തിലും അതേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പാറപ്പുറത്ത് വർക്കിയച്ചന്റെ നാളാഗമത്തിലും അതുപോലെ സിഎംഐ സഭയുടെ ആദ്യകാല ചരിത്രകാരനായ ബെർണാർഡ് തോമയുടെ വിവരണത്തിലും വ്യക്തമായും വിശദമായും പ്രതിപാദിച്ചിട്ടുള്ള ഒന്നാണ് ചാവറയച്ചനാണ് പ്രസ്തുത പ്രസിന്റെ സ്ഥാപകനെന്ന കാര്യം.
(ലേഖകൻ സിഎംഐ സഭ മുൻ പോസ്റ്റുലേറ്റർ ജനറലാണ്)
Tags : Saint Chavara Kuriakose Eliyasachan Kerala Renaissance foremost leaders saintly soul