x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രീഷ്മം

ഡോ. ​മു​ഞ്ഞി​നാ​ട് പ​ത്മ​കു​മാ​ർ
Published: April 23, 2026 03:19 AM IST | Updated: April 23, 2026 03:19 AM IST

ഉ​ഷ്ണി​ച്ചി​രി​ക്കു​മ്പോ​ൾ ഒ​രു​കു​ടം വെ​ള്ളം ആ​രെ​ങ്കി​ലു​മൊ​ന്നു​ച്ചി​യി​ൽ ക​മ​ഴ്ത്തി​യി​രു​ന്നെ​ങ്കി​ലെ​ന്ന് ആ​ശി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ഇ​ന്ന​ലെ​ക്കൂ​ടി​യും ഞാ​ന​ത് ആ​ശി​ച്ചു. എ​രി​വെ​യി​ലി​ലേ​ക്കൊ​രു പ​ടു​മു​ള​യെ​ന്ന​പോ​ലി​റ​ങ്ങി​നി​ന്ന് പ്ര​ച​ണ്ഡ​സ​ദ​സി​നെ തൊ​ഴു​തു വ​ലം​വ​ച്ചു. സൂ​ര്യ​ശി​ല​ക​ൾ പ​ഴു​ത്ത്, ആ​രൂ​ഢ​മി​ള​കി, മേ​ഘ​ങ്ങ​ൾ തു​രു​മ്പി​ച്ച് പ​ണ്ടൊ​രു പ​നി​നീ​ർ​മ​ല​ർ​ക്കൊ​മ്പു​പോ​ൽ ക​ണ്ട വി​ണ്ട​ലം എ​രി​ഞ്ഞു​ക​ത്തി​യ​ട​ർ​ന്ന് ചാ​ര​മാ​യ് കി​ട​ക്കു​ന്നു.

അ​തി​ൻ​ചു​വ​ട്ടി​ൽ “ശ്രാ​ന്ത​മം​ബ​രം നി​ദാ​ഘോ​ഷ്മ​ള സ്വ​പ്നാ​ക്രാ​ന്തം’’ ചൊ​ല്ലി ഞാ​നി​രി​ക്കു​ന്നു. ശാ​പ​ത്താ​ൽ ഭൂ​മി​യി​ൽ പി​റ​ന്ന ഒ​രു യ​ക്ഷ​ൻ എ​ന്‍റെ ഉ​ള്ളി​ലി​രു​ന്ന് അ​തേ​റ്റു​പാ​ടു​ന്നു. “നീ ​അ​പാ​ര​ത​യു​ടെ നീ​ല​ഗം​ഭീ​രോ​ദ്ദാ​രഛാ​യാ നി​ന്നാ​ശ്ലേ​ഷ​ത്താ​ൽ എ​ന്മ​നം ജൃം​ഭി​ക്കു​ന്നു’’ എ​ന്ന്. എ​ന്തൊ​രു ലീ​ല​യാ​ണി​ത്.

എ​ന്‍റെ എ​ഴു​ത്തു​മു​റി​യി​ൽ മ​ഴ​ത്തു​ള്ളി​ക​ൾ​കൊ​ണ്ടു തീ​ർ​ത്ത പ​ത്തോ​ളം മ​ഴ​പ്പു​സ്ത​ക​ങ്ങ​ളു​ണ്ട്. എ​ന്നി​ട്ടും ന​ന​യാ​നാ​കാ​തെ വി​യ​ർ​ത്തൊ​ലി​ച്ചു ഞാ​നി​വി​ടെ ഇ​രി​ക്കു​ന്നു. പെ​യ്യാ​മ​ഴ​യു​ടെ ഭാ​രം താ​ങ്ങാ​നാ​കാ​തെ നി​ൽ​ക്കു​ന്ന ആ​ഷാ​ഢ​മേ​ഘ​ങ്ങ​ൾ ഇ​പ്പോ​ഴു​മെ​ന്‍റെ നെ​ഞ്ചി​ൻ​കൂ​ട്ടി​ലു​ണ്ട്. അ​വ ഇ​ട​ങ്ക​ണ്ണി​ട്ട് നോ​ക്കി പ​ളു​ങ്കു​മി​ഴി​ക​ളു​ള്ള ഒ​രു മ​ഴ​ത്തു​ള്ളി​യെ കാ​ട്ടി എ​ന്നെ പ്ര​ലോ​ഭി​പ്പി​ക്കു​ക​യാ​ണ്.

ഈ ​ലീ​ലാ​സൗ​ധ​ത്തി​ൽ​നി​ന്നൊ​രു നീ​ർ​ പൊ​ടി​ഞ്ഞി​രു​ന്നെ​ങ്കി​ലെ​ന്ന് വ​ല്ലാ​തെ ആ​ശി​ച്ചു​പോ​വു​ക​യാ​ണ്. പ​ക്ഷേ, കാ​ർ​കൊ​ണ്ട വി​ണ്ട​ലം വി​ദൂ​ര​പ​ഥം​പോ​ലെ അ​ക​ന്ന​ക​ന്നു പോ​വു​ക​യാ​ണ്. പ​ക​ലെ​രി​ഞ്ഞും രാ​വു​രു​കി​യും തീ​രു​ക​യാ​ണ്. സ​ദ​സി​ന്‍റെ ഉ​ന്മ​ത്ത​നൃ​ത്തം നി​സ്വ​രും നി​ന്ദി​ത​രു​മാ​യ​വ​രു​ടെ പ്ര​ത്യാ​ശ​യെ ചാ​ര​മാ​ക്കു​ക​യാ​ണ്. എ​ന്തൊ​രു ലീ​ല​യാ​ണി​ത്.

ഒ​രി​ക്ക​ൽ ബു​ദ്ധ​ഭ​ഗ​വാ​ൻ ശ്രാ​വ​സ്തി​യി​ൽ അ​നാ​ഥപി​ണ്ഡ​ക​ന്‍റെ ഉ​ദ്യാ​ന​ത്തി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഠോ​ര​മാ​യി​രു​ന്നു അ​ന്ന​ത്തെ പ​ക​ൽ. ഭ്രാ​ന്ത​ചി​ത്ത​നെ​പ്പോ​ലെ വെ​യി​ൽ സ​ക​ല​തി​നെ​യും പൊ​ള്ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ബു​ദ്ധ​ൻ വെ​യി​ലി​നെ ​നോ​ക്കി പ​റ​ഞ്ഞു: “യ​ജ്ഞ​വും ത​പ​സും സ​മം ചേ​ർ​ന്നാ​ൽ വെ​ളി​ച്ച​മാ​യി. എ​ന്നാ​ൽ, ഇ​ത​ല്ല വെ​ളി​ച്ചം. വെ​ളി​ച്ച​ത്തി​നു​ള്ളി​ൽ മ​റ്റൊ​രു വെ​ളി​ച്ച​മു​ണ്ട്.

അ​താ​ണ് പ്ര​പ​ഞ്ച​ത്തെ​യാ​കെ പൊ​ള്ളി​ക്കു​ന്ന​ത്. ദുഃ​ഖ​ത്തെ ചൂ​ടു​പി​ടി​പ്പി​ക്കു​ന്ന​ത്. കാ​മ​ന​ക​ളെ ഉ​ദ്ദീ​പി​പ്പി​ക്കു​ന്ന​ത്. ര​സാ​ത​ല​ങ്ങ​ളെ കീ​ർ​ത്തി​ക്കു​ന്ന​ത്. ആ ​വെ​ളി​ച്ചം കെ​ട്ടാ​ൽ സ​ക​ല​രും നി​ശ്ച​ല​മാ​കും. രാ​ത്രി​യി​ലെ​ന്ന​പോ​ൽ പ​ക​ലും നി​ശ്ച​ല​മാ​കും. അ​തി​നാ​ൽ പ്ര​കാ​ശി​ത​മാ​യ പ​ക​ലു​ക​ൾ കൂ​ടി​യേ തീ​രൂ. വെ​യി​ലി​ൽ ന​മു​ക്ക് ന​ഗ്ന​പാ​ദ​രാ​യി ന​ട​ന്നേ മേ​തി​യാ​കൂ!

എ​ത്ര ആ​ഴ​മേ​റി​യ​താ​യി​രു​ന്നു ആ ​വാ​ക്കു​ക​ളെ​ന്നു ശി​ഷ്യ​ൻ ആ​ന​ന്ദ​ൻ ഓ​ർ​മി​ക്കു​ന്നു​ണ്ട്. അ​തി​ക​ഠി​ന ത​പ​ശ്ച​ര്യ​ക​ളി​ൽ മു​ഴു​കി ആ​ത്മ​ദ​ണ്ഡ​ങ്ങ​ളേ​ല്പി​ച്ച് അ​ന്വേ​ഷ​ണപ്ര​യാ​ണ​ത്തി​ലേ​ർ​പ്പെ​ട്ട ബു​ദ്ധ​ന്‍റെ വാ​ക്കു​ക​ൾ​ക്ക് ന​ല്ല ചൂ​ടു​ണ്ടാ​യി​രു​ന്നു. അ​ത് തൃ​ഷ്ണ​ക​ൾ​ക്കു​മേ​ൽ പ​ട​ർ​ന്ന ഉ​ൾ​ച്ചൂ​ടാ​യി​രു​ന്നു. ഇ​ന്ന​ലെ​ക​ളി​ലൂ​ടെ കെ​ടു​ത്തി​ക്കെ​ടു​ത്തി വ​രു​ന്ന തൃ​ഷ്ണാ​ക്ഷ​യ​ശാ​ന്തി.

ആ ​പ​ര​മ​ശാ​ന്തി​യു​ടെ അ​ന്ത്യ​പാ​ദം രോ​ഗാ​തു​ര​മാ​യി​രു​ന്നു. വൈ​ശാ​ലി​യി​ൽ​നി​ന്ന് ബെ​ലു​വ ഗ്രാ​മ​ത്തി​ലേ​ക്കു ന​ട​ക്കു​മ്പോ​ൾ ബു​ദ്ധ​ൻ ആ​ന​ന്ദ​നോ​ട് പ​റ​ഞ്ഞു: “ത​ണ​ൽ വി​രി​ച്ചു​നി​ൽ​ക്കും ഈ ​സാ​ല​വൃ​ക്ഷ​നി​ര​ക​ൾ അ​വ​സാ​നി​ക്കാ​റാ​യി. ഇ​നി​യു​ള്ള ദൂ​രം വെ​യി​ൽ​പ​ഥ​ത്തി​ലൂ​ടെ​യാ​ണ്. ഞാ​ൻ വൃ​ദ്ധ​നാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. വെ​യി​ലേ​റ്റ് പൊ​ള്ളി​യ​ട​ര​ണം ഈ ​അ​ഭ​യ​പ​ഞ്ജ​രം. യാ​ത്ര​യ്ക്കി​ട​യി​ൽ ക​ഠി​ന​താ​പ​മേ​റ്റി​ത് അ​ഗ്നി​യാ​യി​ത്തീ​രു​മെ​ങ്കി​ൽ മു​ക്തി​യാ​യി.’’ ബു​ദ്ധ​ന്‍റെ വാ​ക്കു​കേ​ട്ട് ആ​ന​ന്ദ​ൻ ക​ര​ഞ്ഞു. ബു​ദ്ധ​ൻ ആ​ന​ന്ദ​ന്‍റെ ക​ണ്ണീ​ര് വി​ര​ൽ​ത്തു​മ്പാ​ൽ തൊ​ട്ടു​നോ​ക്കി. അ​തു ഗ്രീ​ഷ്മ​ത്തേ​ക്കാ​ൾ പൊ​ള്ളു​ന്നു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞു​പോ​യ ഏ​തോ ഒ​രു ഗ്രീ​ഷ്മ​കാ​ല​ത്ത് ഒ​രു കൊ​തി ​തോ​ന്നി; നി​ള​യി​ലൊ​ന്നു മു​ങ്ങി​നി​വ​ര​ണം. ഒ​രു രാ​ത്രി​വ​ണ്ടി​ക്ക് പു​റ​പ്പെ​ട്ടു. പ​ട്ടാ​മ്പി​യി​ലി​റ​ങ്ങി ന​ട​ന്നു. വെ​യി​ൽ ക​ന​ക്കു​ന്ന​തും കാ​ത്ത് ഒ​രു വാ​ക​ച്ചോ​ട്ടി​ലി​രു​ന്നു. പ​തി​യെ​പ്പ​തി​യെ വെ​യി​ൽ പ​ഴു​ത്ത​പ്പോ​ൾ വി​ൺ​വെ​ളി​ച്ചം പാ​രു​ഷ്യ​ത്തോ​ടെ ചി​റ​ക​ടി​ച്ചി​റ​ങ്ങി​യ നി​ള​യി​ലേ​ക്ക് ഞാ​നി​റ​ങ്ങി. ചു​ട്ടു​പ​ഴു​ത്ത ലോ​ഹ​ലാ​യ​നി​യി​ൽ വീ​ണ​തു​പോ​ലെ​യാ​യി ഞാ​ൻ.

എ​ന്‍റെ ച​കി​ത കാ​മു​ക​ഹൃ​ദ​യം ന​ന്നാ​യൊ​ന്നു മെ​ഴു​ക്കി​യെ​ടു​ക്കാ​നാ​യി. മു​ടി​യി​ൽ ഏ​റെ​ക്കാ​ലം ജ​ട​പി​ടി​ച്ചി​രു​ന്ന മി​ന്ന​ലു​ക​ളെ തു​വ​ർ​ത്തി​ക്ക​ള​യാ​നാ​യി. എ​ഴു​ത്തു​വി​ര​ലു​ക​ളി​ൽ പ​റ്റി​ച്ചേ​ർ​ന്ന ഉ​ണ​ങ്ങാ​വ​ടു​ക്ക​ൾ കൊ​ഴി​ഞ്ഞു​പോ​യി. നീ​ല​വാ​നി​ന്നു ക​ണ്ണാ​ടി നോ​ക്കു​ന്ന നി​ള എ​നി​ക്കെ​ന്നെ കാ​ട്ടി​ത്ത​ന്നു. നി​ള എ​നി​ക്ക​പ്പോ​ൾ വെ​യി​ലേ​റ്റു പി​ണ​ഞ്ഞ ഒ​രു പു​ല്ലാ​ങ്കു​ഴ​ൽ​പോ​ലെ തോ​ന്നി. അ​തി​ന്‍റെ അ​ന​ന്ത​കോ​ടി സു​ഷി​ര​ങ്ങ​ളൊ​ന്നി​ലൊ​രു രാ​ഗ​ഭി​ക്ഷു​വാ​യി ഞാ​ൻ ത​പി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ക​ര​യി​ലേ​ക്കു ക​യ​റാ​ൻ തോ​ന്നി​യി​ല്ല. ഏ​റെ വൈ​കും​വ​രെ, പൊ​ട്ടി​വി​രി​ഞ്ഞ ഗ്രീ​ഷ്മ​ത്തി​നു​മേ​ലേ സ​ന്ധ്യ ചാ​യം പു​ര​ട്ടും​വ​രെ നി​ള​യി​ൽ ഞാ​ൻ ത​ളി​ർ​ത്തു​കി​ട​ന്നു.

വേ​ന​ൽ​ക്കാ​ലോ​ർ​മ​ക​ൾ ഇ​നി​യു​മു​ണ്ടേ​റെ. അ​തി​ൽ പ​ല​തും കാ​ട്ടു​തീ ക​ത്തു​ന്ന​തു​പോ​ലെ​യാ​ണ്. ചി​ല്ല​ക​ൾ​കൊ​ണ്ടും വേ​രു​ക​ൾ​കൊ​ണ്ടും ഞാ​ന​ല​ഞ്ഞ ദൂ​ര​ങ്ങ​ളി​ല​ധി​ക​വും വേ​ന​ൽ​ക്കാ​ല​ത്താ​യി​രു​ന്നു. എ​നി​ക്കു വേ​ണ്ട​പ്പെ​ട്ട ഒ​രു​വ​ൻ ഭ്രാ​ന്തി​ലേ​ക്ക് ന​ട​ന്നു​പോ​യ​ത് ഒ​രു വേ​ന​ൽ​ക്കാ​ല​ത്താ​യി​രു​ന്നു. വെ​യി​ൽ ​പ​ര​ന്ന്, ന​ട്ടു​ച്ച​യ്ക്ക് തീ​പി​ടി​ക്കു​മ്പോ​ൽ അ​വ​ൻ‌ ത​ല​നി​റ​യെ എ​ണ്ണ​തേ​ച്ച് സ​വി​താ​വി​നോ​ട് ക​യ​ർ​ക്കാ​ൻ തു​ട​ങ്ങും. ആ​ദ്യ​മൊ​ക്കെ ഞ​ങ്ങ​ൾ​ക്ക​തു കൗ​തു​ക​മാ​യി​രു​ന്നു.

പ​തി​യെ പ​തി​യെ അ​വ​ന്‍റെ ശി​ര​സി​ൽ ഭ്രാ​ന്തി​ന്‍റെ ക​ടും​മ​ഞ്ഞ​പ്പൂ​ക്ക​ൾ കി​ളി​ർ​ക്കാ​ൻ തു​ട​ങ്ങി. അ​വ​ന്‍റെ ഭം​ഗി​യു​ള്ള ചി​രി ഞ​ങ്ങ​ൾ​ക്ക് ഭ​യ​മാ​യി തോ​ന്നി​ത്തു​ട​ങ്ങി. ക​വി​ത​യെ​ഴു​തി​യി​രു​ന്ന വി​ര​ലു​ക​ൾ അ​വ​ൻ സ്വ​യം ക​ടി​ച്ചു​മു​റി​ച്ചു. എ​ഴു​തി​യ ക​വി​ത​ക​ളി​ല​ധി​ക​വും തു​ന്നി​ച്ചേ​ർ​ക്കാ​നാ​കാ​ത്ത​വി​ധം ചി​ത​റി​ച്ചു. എ​ന്തൊ​രു ധി​ക്കാ​ര​മാ​യി​രു​ന്നു അ​തെ​ല്ലാം. ജീ​വ​നി​ൽ​നി​ന്നെ​രി​യു​ന്ന ആ ​തീ​ഗോ​ള​ത്തെ തൊ​ടാ​ൻ ഞ​ങ്ങ​ൾ​ക്കാ​യി​ല്ല. ഗ്രീ​ഷ്മം അ​വ​നെ ആ​വും​വി​ധം എ​രി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. അ​വ​ന്‍റെ ഇം​ഗ്ലീ​ഷ് ക​വി​ത​ക​ളു​ടെ ഒ​രു സ​മാ​ഹാ​രം (SPRING IN THE DAWN) കൈ​യി​ലെ​ടു​ക്കു​മ്പോ​ൾ ഇപ്പോ​ഴും പൊ​ള്ളു​ന്ന​തു​പോ​ലെ തോ​ന്നി​യി​ട്ടു​ണ്ട്.

കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ്, അ​ല്പ​വ​സ്ത്രം ധ​രി​ച്ച്, ക​ഴു​ത്തി​ലൊ​രു പൂ​മാ​ല​യി​ട്ട് ഓ​രോ​ട​ക്കു​ഴ​ലും പി​ടി​ച്ച് ഏ​റെ​ദൂ​രം താ​ണ്ടി അ​വ​നെ​ന്നെ​ക്കാ​ണാ​ൻ വ​ന്നു. അ​ന്നു ഞാ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. അ​തൊ​രു സ​ന്ധ്യ​ക്കാ​യി​രു​ന്നു. അ​വ​ന്‍റെ നി​ശ​ബ്ദ​ത ഉ​ള്ളി​ൽ​നി​ന്നു​രു​കി ആ​ത്മ​താ​പ​മാ​യി അ​വി​ടാ​കെ ഒ​ഴു​കി​ക്കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​രു സാ​ന്ത്വ​നോ​ക്തി​ക്കും ഒ​പ്പി​മാ​യ്ക്കാ​നാ​കാ​ത്ത​വി​ധം എ​രി​ഞ്ഞ​ണ​ഞ്ഞ ഖാ​ണ്ഡ​വ​മാ​യി അ​വ​ൻ മാ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു.

പോ​കാ​ൻ​നേ​രം ആ ​ഓ​ട​ക്കു​ഴ​ൽ അ​വ​ൻ എ​ന്‍റെ അ​മ്മ​യെ ഏ​ല്പി​ച്ചു. “അ​വ​ൻ വ​രു​മ്പോ​ൾ കൊ​ടു​ക്ക​ണം. നി​ശ​ബ്ദ​മി​ഴ​ഞ്ഞ് ഭൂ​മി​ വി​ടു​മ്പോ​ൾ എ​ന്നെ നോ​ക്കി അ​വ​ൻ പാ​ട​ട്ടെ!” നി​ദാ​ഘ​ത്തി​ൽ ക​ടും ഉ​ഷ്ണ​മാ​യി അ​വ​ൻ മ​ട​ങ്ങി. പി​ന്നീ​ട് ഞാ​ന​വ​നെ ക​ണ്ടി​ട്ടി​ല്ല. വെ​യി​ലാ​റു​ന്ന വേ​ള​യി​ലെ​ല്ലാം അ​വ​ൻ ത​ന്നി​ട്ടു​പോ​യ ഗ്രീ​ഷ്മ​ത്തി​ൻ മു​ള​ന്ത​ണ്ട് ഞാ​ൻ തൊ​ട്ടു​നോ​ക്കാ​റു​ണ്ട്. അ​തെ​ന്നെ ഏ​തു ഋ​തു​വി​ലും പൊ​ള്ളി​ക്കാ​റു​ണ്ട്. ഉ​ള്ളി​ലാ​കെ ന​ഖ​ക്ഷ​ത​ങ്ങ​ളേ​ല്പി​ക്കാ​റു​ണ്ട്. എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ൽ വാ​രാ​ണ​സി​യി​ൽ പോ​കു​മ്പോ​ൾ ഒ​ഴു​ക്കി​ക്ക​ള​യാ​ൻ ഉ​ള്ളി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന പ്രി​യ​പ്പെ​ട്ട​തി​ലൊ​ന്ന് ഈ ​മു​ള​ന്ത​ണ്ടാ​ണ്. അ​വി​ടെ​യെ​ത്തും​വ​രെ ഗ്രീ​ഷ്മം ഈ ​മു​ള​ന്ത​ണ്ടി​നു​മേ​ൽ ക​ത്തി​നി​ൽ​ക്ക​ട്ടെ.

K-Rail Survey

Tags : Summer

Recent News

Corehub Up