നിങ്ങൾക്ക് ഞാൻ ആശീർവാദം നൽകുന്നതിനു മുന്പായി നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണമെന്ന പാപ്പായുടെ വാക്കുകൾ അദ്ദേഹത്തിന്റെ എളിമയുടെയും വിനയത്തിന്റെയും ഉത്തമദൃഷ്ടാന്തമായിരുന്നു.
പുരോഹിതൻ എന്ന വാക്കിന് ലത്തീൻ ഭാഷയിൽ ഉപയോഗിക്കുന്ന പദം "Pontifex ' എന്നതാണ്. ഈ വാക്കിന് പാലം പണിയുന്നവൻ എന്നാണ് അർഥം. മനുഷ്യർക്കിടയിലും മനുഷ്യനും ദൈവത്തിനുമിടയിലും പാലം പണിയുന്നവനാണ് പുരോഹിതൻ. ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പുരോഹിതൻ തന്റെ ജീവിതം ദൈവത്തിനായും തന്നെ ഭരമേൽപ്പിക്കുന്ന ദൈവജനത്തിനായുമാണ് ജീവിക്കുന്നത്.
മാർപാപ്പയെ"Pontifex Maximus 'എന്നാണ് വിളിക്കുന്നത്. ക്രിസ്തുവിന്റെ വികാരിയെന്ന നിലയിൽ ലോകം മുഴുവനും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച ജീവിതം-ഫ്രാൻസിസ് മാർപാപ്പ. ആടുകളുടെ മണമുള്ള നല്ല ഇടയനായി സ്വർഗത്തിനും ഭൂമിക്കും മധ്യേയും യുദ്ധവും കലാപങ്ങളും അതിർത്തി പണിത മനുഷ്യസമൂഹങ്ങൾക്കിടയിലും അദ്ദേഹം കൃപയുടെയും അനുരഞ്ജനത്തിന്റെയും പാലം പണിതു. കരുണയുടെയും ഉപവിയുടെയും ആർദ്രമായ പാഠങ്ങൾ ഹൃദയപൂർവം പങ്കുവച്ച് അദ്ദേഹം വിഭജനത്തിന്റെ മതിലുകൾ ആത്മീയതയുടെ ശക്തിയാൽ പൊളിക്കുകയും വിശുദ്ധിയുടെയും സ്നേഹത്തിന്റെയും പാലം പണിയുകയും ചെയ്തു.
പാവങ്ങളോടുള്ള തന്റെ കരുതലാലും കാരുണ്യത്താലും അവർക്ക് സ്വർഗത്തിന്റെ അനുഭവം പകർന്ന പിതാവ് അതിരുകളിലും പാർശ്വങ്ങളിലും അവഗണിക്കപ്പെട്ടവരെ സഭയുടെയും സമൂഹത്തിന്റെയും പ്രധാനശ്രദ്ധയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നു. മരണത്തിന്റെ ഒന്നാം വാർഷികത്തിൽ നന്ദിയോടെയും കൂപ്പുകൈകളോടെയും പാപ്പായെ നാമെല്ലാം ഓർക്കുന്നു.
►അതിരുകളിൽനിന്ന് അതിരുകളിലേക്ക്
ഫ്രാൻസിസ് മാർപാപ്പയുടെ പ്രധാനാചാര്യ കാലഘട്ടം പലതരത്തിലുള്ള പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. തിരുസഭയുടെ ചരിത്രത്തിൽ ആദ്യമായി തെക്കേ അമേരിക്കയിൽനിന്ന് പത്രോസിന്റെ സിംഹാസനത്തിലേക്കു കടന്നുവന്ന മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പാ. ലോകത്തിന്റെ അതിർത്തികളിൽനിന്നു കടന്നുവന്ന പാപ്പായെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അതിനാൽതന്നെ അതിരുവത്കരിക്കപ്പെട്ടവരോട് ആർദ്രതനിറഞ്ഞ അനുകമ്പ അദ്ദേഹത്തിന്റെ ജീവിതമുദ്രയായിരുന്നു.പാപ്പാമാരുടെ ചരിത്രത്തിൽ ആദ്യമായി അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമം സ്വീകരിച്ച വ്യക്തിയാണ് കർദിനാൾ ഹോർഹെ ബെർഗോളിയോ. രണ്ടാം ക്രിസ്തുവെന്ന് പുകൾപെറ്റ അസീസിയിലെ സ്നേഹഗായകന്റെ പേരു മാത്രമല്ല, അദ്ദേഹത്തിന്റെ പ്രകൃതിസ്നേഹവും ദാരിദ്ര്യാരൂപിയും സഭാനവീകരണവും ഫ്രാൻസിസ് പാപ്പാ തന്റെ ജീവിതത്തിൽ പകർത്തി.
കർദിനാൾമാരുടെ കോൺക്ലേവ് കൂടി മാർപാപ്പയെ തെരഞ്ഞെടുത്തുകഴിയുമ്പോൾ പത്രോസിന്റെ ചത്വരത്തിൽ തിങ്ങിനിറഞ്ഞിരിക്കുന്ന വിശ്വാസിഗണത്തിന് ആശീർവാദം നല്കാൻ ബസിലിക്കയുടെ മുകളിലാണ് മാർപാപ്പമാർ ആദ്യം പ്രത്യക്ഷപ്പെടുക. ഇത്തരം അവസരങ്ങളിൽ മാർപാപ്പമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റോമിൽ എത്തിച്ചേർന്നിട്ടുള്ള സകലർക്കും ആശീർവാദം നൽകാറുണ്ട്.
എന്നാൽ, ഫ്രാൻസിസ് മാർപാപ്പ തന്റെ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി പ്രത്യക്ഷപ്പെടുന്ന അവസരത്തിൽ ചെയ്തത് പ്രാർഥന ചോദിക്കുകയാണ്. നിങ്ങൾക്ക് ഞാൻ ആശീർവാദം നല്കുന്നതിനുമുൻപായി നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണമെന്ന പാപ്പായുടെ വാക്കുകൾ അദ്ദേഹത്തിന്റെ എളിമയുടെയും വിനയത്തിന്റെയും ഉത്തമദൃഷ്ടാന്തമായിരുന്നു.
►കരുണയുള്ള ഇടയൻ
പുതിയനിയമ പൗരോഹിത്യത്തെപ്പറ്റി ഹെബ്രായലേഖകന്റെ വാക്കുകൾ ഇങ്ങനെയാണ്. ""ജനങ്ങളുടെ പാപങ്ങൾക്ക് പരിഹാരം ചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളിൽ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാൻ അവൻ എല്ലാ കാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു’’ (ഹെബ്രാ 2, 17). ദൈവികകാര്യങ്ങളിൽ വിശ്വസ്തനാകുന്നതോടൊപ്പം കരുണയുടെ മനുഷ്യരൂപമാകാൻ കഴിവുള്ളവിധമെല്ലാം അദ്ദേഹം പരിശ്രമിച്ചു. രോഗികളോടും വൃദ്ധരോടും അഭയാർഥികളോടും പാപികളോടും അശരണരോടും അഗതികളോടും അദ്ദേഹം അളവില്ലാത്ത കരുണ പ്രകാശിപ്പിച്ചു. അന്ദ്രേയ തോർണിയെല്ലി എന്ന മാധ്യമപ്രവർത്തകന് പാപ്പാ നൽകിയ അഭിമുഖത്തിനുശേഷം പുറത്തിറക്കിയ പുസ്തകരൂപത്തിനു നൽകിയ തലക്കെട്ട് "ദൈവത്തിന്റെ പേര് കരുണയെന്നാണ് ’എന്നതായിരുന്നു. കരുണ അദ്ദേഹത്തിന്റെ വാക്കുകളിൽ മാത്രമായിരുന്നില്ല, ഓരോ ദിവസവും തന്നെ കണ്ടുമുട്ടുന്ന ആവശ്യക്കാരോട് അദ്ദേഹത്തിന് കരുണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അപ്പസ്തോലിക യാത്രകൾ സംഘടിപ്പിക്കുന്ന അവസരങ്ങളിൽ തൊട്ടടുത്തുനിന്ന് ദർശിച്ച ഒരായിരം അനുഭവകഥകൾ ഇതോടു ചേർത്തുവച്ചുപറയാൻ എനിക്ക് സാധിക്കും.
2016ൽ കരുണയുടെ അസാധാരണ ജൂബിലി വർഷം പ്രഖ്യാപിച്ച അദ്ദേഹം ലോകമെമ്പാടും "കരുണയുടെ വാതിൽ’ തുറക്കുകയും കരുണയുടെ പ്രവാചകനാവുകയും ചെയ്തു.
ജൂബിലി വർഷത്തിന്റെ പ്രഖ്യാപനത്തിൽ അദ്ദേഹം പുറത്തിറക്കിയ തിരുവെഴുത്തിന്റെ പേര് "കരുണയുടെ മുഖം’ എന്നതായിരുന്നു. ദൈവപിതാവിന്റെ മുഖം കരുണയാണ് എന്ന കേന്ദ്രാശയത്തിൽ വിരചിതമായ ഈ തിരുവെഴുത്തിന്റെ പിന്നിൽ കരുണ നിറഞ്ഞ മാനുഷികമുഖത്തോടുകൂടിയ ഫ്രാൻസിസ് പാപ്പാ ആയിരുന്നു. അവസാന കാലങ്ങളിൽ രോഗങ്ങളാൽ ക്ലേശിച്ച അവസരത്തിൽപോലും കണ്ണുകളിൽ തിളങ്ങിയിരുന്നത് കരുണയുടെ ഭാവമായിരുന്നു.
►ഫ്രാൻസിസ് പാപ്പായുടെ അജപാലനശൈലി
പാപ്പായുടെ ജീവിതത്തിന്റെയും പ്രവർത്തനത്തിന്റെയും അടിസ്ഥാനശൈലി ലാളിത്യമായിരുന്നു. അപ്പസ്തോലിക യാത്രയ്ക്കിടയിൽ ഒരു സാധാരണക്കാരനെപ്പോലെ ചായക്കടയിൽ പോയി ചായകുടിച്ചശേഷം സ്വന്തം പോക്കറ്റിൽനിന്നു പണം നൽകി മടങ്ങിവന്നതും കണ്ണട നന്നാക്കുവാൻ സ്വയം കടയിൽപോയതും തുടങ്ങി അനേകം ഉദാഹരണങ്ങൾ എടുത്തുകാണിക്കാൻ സാധിക്കും.
അപ്പസ്തോലിക യാത്രകളിൽ സ്വന്തം സൗകര്യങ്ങളെക്കാളും ആവശ്യങ്ങളെക്കാളും കൂടെ യാത്ര ചെയ്യുന്നവരുടെ ആവശ്യങ്ങളും അവർക്കായുള്ള ക്രമീകരണങ്ങളും അന്വേഷിച്ചറിയുകയും അവർക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നത്ര ലളിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.പ്രകൃതിയോടുള്ള ഉത്തരവാദിത്വത്തിൽ അദ്ദേഹം പ്രകടിപ്പിച്ച നേതൃത്വം പ്രത്യേകം എടുത്തുപറയേണ്ടതാണ്.
"ലൗദാത്തോ സി' എന്ന ചാക്രികലേഖനത്തിലൂടെ നാം അധിവസിക്കുന്ന പ്രകൃതിയെക്കുറിച്ചുള്ള അവബോധത്തിലേക്കും അതേപോലെ പ്രകൃതിക്ഷോഭങ്ങളുടെ തിരിച്ചടികൾ ഏറ്റവുമധികം അനുഭവിക്കുന്നത് ദരിദ്രരിൽ ദരിദ്രരായവരാണെന്നുള്ള തിരിച്ചറിവിലേക്കും പാപ്പാ നമ്മെ നയിച്ചു. മനുഷ്യർക്കിടയിലെ പാരസ്പര്യവും സാഹോദര്യവും "ഫ്രത്തെല്ലി തൂത്തി' എന്ന ചാക്രികലേഖനത്തിലൂടെ നമ്മെ ഓർമിപ്പിച്ചു.
"ലുമെൻ ഫിദെയി' എന്ന തിരുവെഴുത്തുവഴി നമ്മെ വിശ്വാസവെളിച്ചത്തിൽ വളർത്തുകയും അവസാനചാക്രികലേഖനമായ"ദിലെക്സിത് നോസ് ' വഴിയായി തിരുഹൃദയഭക്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.സഭയെ കാലോചിതമായി നവീകരിക്കാനും എന്നാൽ പാരമ്പര്യമൂല്യങ്ങൾ കൈമോശം വരാതിരിക്കാനും സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് പ്രേരകമായി. സഭയുടെ ചരിത്രത്തിലെ ഒരു നിർണായക ഏടായിരുന്നു വിവിധ ശുശ്രൂഷാമേഖലകളിലുള്ളവരുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കുന്ന ഈ സിനഡ്.
അടിത്തട്ടുമുതലുള്ള നിർദേശങ്ങളും ചർച്ചകളും പ്രയോഗികസമീപനങ്ങളും ഒന്നുചേർത്ത ഈ സിനഡ് സഭാസംവിധാനത്തെ മുഴുവനും പുതുജീവനാൽ നിറയ്ക്കാൻ ഉപയുക്തമായി.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഹൃദയം തുറന്ന് ശ്രവിക്കാനും വിവിധ വിശ്വാസങ്ങളിലും സംസ്കാരങ്ങളിലും പെടുന്നവരെ മുൻവിധികളില്ലാതെ കേൾക്കാനും അവരോട് ഹൃദ്യമായി സംസാരിക്കാനും അദ്ദേഹത്തിന് സാധിച്ചു. സംഭാഷണത്തിന്റെ പ്രവാചകനായിരുന്നു അദ്ദേഹം. എഴുതി തയാറാക്കിയ പ്രസംഗങ്ങളിൽ ഒതുങ്ങിപ്പോകാതെ ഹൃദയത്തിൽനിന്നു പുറമേക്ക് ഒഴുകുന്ന ആശയധോരണിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ.
കാണുന്നവർക്കും സംസാരിക്കുന്നവർക്കും കൂടെ യാത്ര ചെയ്യുന്നവർക്കുമെല്ലാം സംലഭ്യനാവുകയും സമീപസ്ഥനാവുകയും ചെയ്ത പിതൃതുല്യനായ ഒരു പാപ്പാ. പാപ്പാ എന്ന സംബോധന അപ്പാ/ പിതാവേ എന്നാണല്ലോ. സ്നേഹംകൊണ്ടും പ്രാർഥനകൊണ്ടും യഥാർഥത്തിൽ അപ്പൻ/വല്യപ്പൻ ആയി മാറിയ ഒരാളായിരുന്നു ഫ്രാൻസിസ് പാപ്പാ. മറ്റുള്ളവർക്ക് അപ്രതീക്ഷിത സമ്മാനങ്ങൾ നൽകുന്നതിൽ പിതാവ് ഏറെ സന്തോഷിച്ചിരുന്നു.
തന്റെ കൂടെയുള്ളവർക്ക് സമ്മാനങ്ങളായും തന്റെ സാന്നിധ്യമായുമൊക്കെ അദ്ദേഹം ഇടയ്ക്കൊക്കെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കർദിനാൾ പദവി എനിക്ക് വ്യക്തിപരമായും ഭാരതസഭയ്ക്കും അദ്ഭുതത്തിന്റെ നിമിഷമായിരുന്നു. ആശുപത്രിക്കിടക്കയിൽ എല്ലാവരും അദ്ദേഹം മരിച്ചു എന്ന് കരുതിയപ്പോൾ വീണ്ടും സാന്താ മാർത്തയിലേക്ക് കടന്നുവന്ന് അദ്ദേഹം ലോകം മുഴുവനെയും അദ്ഭുതപ്പെടുത്തുകയും ഉത്ഥാനത്തിരുനാളിന്റെ പിറ്റേന്ന്, 2025 ഏപ്രിൽ 21 തിങ്കളാഴ്ച തന്റെ സ്വർഗയാത്ര വിസ്മയംപരത്തി ആരംഭിക്കുകയും ചെയ്തു.
►വിലയേറിയ ജീവിതമാതൃക
ചില മനുഷ്യരുടെ ജീവിതം സുഗന്ധം നിറഞ്ഞ എണ്ണയിൽ തിരിയിട്ട് കൊളുത്തിയതുപോലെയാണ്. അവർ പ്രകാശം പരത്തുകയും, അതുപോലെ അവരുടെ സാമീപ്യത്തിൽ സുഗന്ധം നിറയുകയും ചെയ്യും. സഹപ്രവർത്തകർക്കും കണ്ടുമുട്ടുന്നവർക്കും അനിതരസാധാരണമായ ഊർജവും പ്രകാശവും സുഗന്ധവും പരത്തിയ പിതാവ് കഴിഞ്ഞ വർഷം തിരുവുത്ഥാനത്തിന്റെ പിറ്റേന്ന് സ്വർഗയാത്രയാരംഭിച്ചു.
മിശിഹായുടെ ഉത്ഥാനം നമ്മുടെ ഉയിർപ്പിന്റെ അടിസ്ഥാനമാണ്. ഉയിർപ്പിന്റെ തൊട്ടു പിറ്റേന്നുള്ള പാപ്പായുടെ സ്വർഗയാത്ര ചിന്തനീയമാണ്. പാപ്പായുടെ യാത്രകൾ ഒരുക്കിയിരുന്ന എനിക്കും മടക്കമില്ലാത്ത ഈ അന്ത്യയാത്ര മനോവിഷമം ഉണ്ടാക്കിയെങ്കിലും ഉയിർപ്പിന്റെ പ്രത്യാശ നമ്മെ ഉത്തേജിപ്പിക്കുന്നു.
പാപ്പായുടെ സ്വർഗയാത്രയുടെ ആദ്യ വാർഷികം അനുസ്മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയോടൊപ്പം ആഫ്രിക്കയിൽ അപ്പസ്തോലിക സന്ദർശനയാത്രാമധ്യേയാണ് ഈ കുറിപ്പ് തയാറാക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ നമുക്ക് പകർന്ന വിലയേറിയ ജീവിതമാതൃക ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും പാഠങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്താൻ പരിശ്രമിക്കാം.
Tags : pilgrimage Pope Francis first year