സ്വാ​തി ഹൃ​ദ​യ​കൃ​തി​ക​ളി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം...
Tuesday, April 30, 2024 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​നും തി​രു​വ​ട്ടാ​ർ ആ​ദി​കേ​ശ​വ​നും ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി​ക്കും ക​ന്യാ​കു​മാ​രി ദേ​വി​ക്കും മു​ന്നി​ൽ സ്വാ​തി തി​രു​നാ​ൾ സ​മ​ർ​പ്പി​ച്ച ഹൃ​ദ​യാ​ഞ്ജ​ലി​യി​ൽ അ​ന​ന്ത​പു​രി പ്രാ​ർ​ഥ​നാ നി​ര​ത​മാ​യി... ശ്രീ ​സ്വാ​തി തി​രു​നാ​ളി​ന്‍റെ 211-ാമ​ത് ജ​യ​ന്തി​യു​ടേ​യും ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത സ​ഭ​യു​ടെ 82-ാം വാ​ർ​ഷി​ക​ത്തി​ന്‍റേ​യും ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ചു​വ​ന്ന സം​ഗീ​തോ​ത്സ​വം സ്വാ​തി തി​രു​നാ​ളി​ന്‍റെ ക്ഷേ​ത്ര കൃ​തി​ക​ളു​ടെ അ​വ​ത​ര​ണ​ത്തോ​ടെ ഇ​ന്ന​ലെ സ​മാ​പി​ച്ചു.

പ്ര​ശ​സ്ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​രും പി​ന്ന​ണി​ഗാ​യി​ക​മാ​രു​മാ​യ ഡോ. ​ബി. അ​രു​ന്ധ​തി, ഡോ. ​ഭാ​വ​ന രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ഡോ. ​ജി. ശ്രീ​ല​ത, ഡോ. ​സു​ജാ​ത, ര​ഞ്ജി​നി വ​ർ​മ, സു​ധാ ഗ​ണേ​ഷ്, ഡോ. ​ബി. സി​ന്ധു, ടി.​ആ​ർ. ര​മ, ഡോ. ​ശോ​ഭാ ബി. ​നാ​യ​ർ, എ​സ്. പ്രീ​ത, ഗീ​ത ശ​ങ്ക​ർ, മ​ഞ്ജു ജ​യ​റാം, ജി.​എ​സ്. ജ​യ​ല​ക്ഷ്മി എ​ന്നി​വ​രും ആ​ലാ​പ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

അ​ന​ന്ത​ശാ​യി​യാ​യ ആ​ദി​കേ​ശ​വ​നെ സ്തു​തി​ക്കു​ന്ന ദേ​വ​ദേ​വ​മാം പാ​ല​യ... തോ​ടി രാ​ഗ​ത്തി​ലാ​യി​രു​ന്നു. പീ​താം​ബ​ര​ധാ​രി​യാ​യ അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​നെ വ​ർ​ണി​ക്കു​ന്ന ദേ​വ​പാ​ല​യ മു​രാ​രേ... സാ​വേ​രി രാ​ഗ​ത്തി​ൽ സം​ഗീ​ത​ജ്ഞ​മാ​ർ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. ന​വ​രാ​ത്രി പൂ​ജ​യു​ടെ ര​ണ്ടാം​ദി​വ​സം സ​ര​സ്വ​തി ദേ​വി​യെ സ്തു​തി​ക്കു​വാ​ൻ സ്വാ​തി തി​രു​നാ​ൾ ര​ചി​ച്ച പാ​ഹി​മാം ശ്രീ ​വാ​ഗീ​ശ്വ​രി... ക​ല്യാ​ണി രാ​ഗ​ത്തി​ന്‍റെ സൗ​ന്ദ​ര്യം പ​ക​ർ​ന്നു.

പ്ര​ഫ. വി. ​സൗ​ന്ദ​ര​രാ​ജ​ൻ വീ​ണ​യി​ലും മ​ഞ്ജു​ള രാ​ജേ​ഷ് വ​യ​ലി​നി​ലും ച​ങ്ങ​നാ​ശേ​രി ജ​യ​ൻ മൃ​ദം​ഗ​ത്തി​ലും കോ​ട്ട​യം ശ​ര​ത് ഘ​ട​ത്തി​ലും താ​ള​മേ​കി.