ആശ്രയയിലെ കുരുന്നുകളും അക്ഷരമുറ്റത്തേയ്ക്ക്...
1299311
Thursday, June 1, 2023 11:10 PM IST
കൊട്ടാരക്കര: ഒഴിവുകാലത്തിനോട് വിടപറഞ്ഞ് അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് ആശ്രയയിലെ കുരുന്നുകളും പടികയറി. യുകെജി മുതൽ പ്ലസ്ടു വരെയുള്ള വിവിധ ക്ളാസുകളിലാണ് ആശ്രയയിലെ കുട്ടികൾ പഠിക്കുന്നത് .
താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, കലയപുരം എംഎസ്സിഎൽപിഎസ്, മൈലം ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പറന്തൽ എംഎസ് സിഎൽപി സ്കൂൾ, പെരുംപുളിക്കൽ എസ്.ആർവിയുപി സ്കൂൾ, പന്നിവിഴ സെന്റ് തോമസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, തട്ടയിൽ എൻഎസ്എസ്എച്ച്എസ്എസ് എന്നീ സ്കൂളുകളിലാണ് കുട്ടികൾ പഠിക്കുന്നത് .
ഇത്തവണ രണ്ടു കുട്ടികളാണ് പുതുതായി ആശ്രയയുടെ മടിത്തട്ടിൽ നിന്നും അക്ഷരലോകത്തേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്.
പത്താം ക്ലാസ് വിജയിച്ച നാലുപേർ, പ്ലസ് ടു വിജയിച്ച ഒരാൾ എന്നിവർ ഉന്നതപഠനത്തിന് തയാറെടുക്കുന്നു. നിലവിൽ ആശ്രയ ശിശുഭവനിലെ നാലുപേർ നഴ്സിങ്ങിനും ഒരാൾ ഡിഗ്രിയ്ക്കും പഠിച്ചുവരുന്നു . പെൺകുട്ടികൾ കലയപുരം ആശ്രയ ശിശുഭവനിലും, ആൺകുട്ടികൾ അടൂർ, പറന്തൽ ആശ്രയ ശിശുഭവനിലും താമസിച്ച് പഠിച്ചുവരുന്നു.
ദുരിതങ്ങളിൽ കഴിഞ്ഞുവന്ന കുരുന്നു ബാല്യങ്ങൾക്ക് സുരക്ഷിതമായ ഭാവിജീവിതം തുന്നിപിടിപ്പിച്ചു നൽകുകയാണ് ആശ്രയ.