പഞ്ചായത്തംഗങ്ങൾക്ക് പ്രതിഫലവും ജീവനക്കാർക്ക് ശമ്പളവും കിട്ടിയില്ല
1548674
Wednesday, May 7, 2025 6:36 AM IST
ചാത്തന്നൂർ: ഗ്രാമപഞ്ചായത്തംഗങ്ങളുടെ കഴിഞ്ഞ മാസത്തെ പ്രതിഫലവും ജീവനക്കാർക്ക് ശമ്പളവും കിട്ടിയില്ല. തനത് ഫണ്ട് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
തുച്ഛമായ പ്രതിദിന വേതനത്തിൽ ജോലി ചെയ്യുന്ന ക്ലീനിംഗ് തൊഴിലാളികൾക്ക് പോലും ശമ്പളം കൊടുക്കാനായിട്ടില്ല.ചാത്തന്നൂർ പഞ്ചായത്തിലാണ് ശമ്പളവും വേതനവും മുടങ്ങിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിച്ചതെന്ന് മുതിർന്ന മുൻ ഗ്രാമപഞ്ചായത്തംഗങ്ങൾ ചൂണ്ടിക്കാട്ടി. വിരമിക്കാറായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അവധി എടുത്തു പോയിരിക്കുകയാണ്. പകരം ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറി നിസഹായാവസ്ഥ പ്രകടിപ്പിക്കുകയാണ്. അദ്ദേഹം ട്രെയിനിംഗിലുമാണ്.
തനത് ഫണ്ട് ഇല്ലാത്തത് കൊണ്ടാണ് പ്രതിഫലവും വേതനവും മുടങ്ങിയതെന്ന് ഗ്രാമപഞ്ചായത്ത് ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ ആർ. സന്തോഷ് പറഞ്ഞു. 350 രൂപ ദിവസ വേതനത്തിന് ജോലി എടുക്കുന്ന ക്ലീനിംഗ് തൊഴിലാളികൾക്ക് പോലും അത് നല്കാൻ കഴിയാത്തത് പരമകഷ്ടമാണ്. അവരുടെ വേതനം ഉടൻ എങ്ങനെയും വിതരണം ചെയ്യണമെന്നും സന്തോഷ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്തിൽ തനത് ഫണ്ടായി ഒരു കോടിയിലധികം രൂപയുണ്ടെന്നും അത് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും ഭരണപക്ഷമായ സി പി എമ്മിന്റെ മുതിർന്ന അംഗം പറഞ്ഞു. പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുന്നതിന്റെ സാങ്കേതിക തടസമാണ് തന്നത് ഫണ്ട് എടുക്കാൻ കഴിയാത്തതിന് കാരണം.
സർക്കാർ തയാറാക്കിയ പുതിയ സോഫ്റ്റ്വെയറിൽ നാഷണലൈസ്ഡ് ബാങ്കുകളെയും ഷെഡ്യൂൾഡ് ബാങ്കുകളെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സഹകരണ ബാങ്കുകളെ കൂടി ഉൾപ്പെടുത്തുമെന്നും അതോടെ പ്രശ്നത്തിന് പരിഹാരമാവുമെന്നും മുൻപഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന റ്റി. ദിജു പറഞ്ഞു.