വേലുത്തമ്പി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
1548673
Wednesday, May 7, 2025 6:36 AM IST
കൊല്ലം: വേലുത്തമ്പി ദളവാ സമിതി ഏർപ്പെടുത്തിയിട്ടുള്ള വേലുത്തമ്പി പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി അർഹനായി.കലാ- സാംസ്കാരിക - ദേശീയോദ്ഗ്രഥന മേഖലകളിലെ മികച്ച സംഭാവനകളെ ആദരിക്കുന്നതിന് സേവാ സമിതി നൽകുന്നതാണ് 25,000 രൂപയും ശിൽപ്പവും അടങ്ങിയ പുരസ്കാരം.
കൊല്ലം ചിന്നക്കട നാണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഒമ്പതിന് രാവിലെ 10.30 ന് സേവാ സമിതി അധ്യക്ഷൻ ഡോ. ഇ.ചന്ദ്രശേഖര കുറുപ്പിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഉദ്ഘാടനം ചെയ്ത് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പുരസ്കാരം കൈമാറും.സാമൂഹിക നീതി കർമസമിതി സംസ്ഥാന കോർഡിനേറ്റർ വി.സുശികുമാർ, തപസ്യ സംസ്ഥാന ഉപാധ്യക്ഷൻ രാജൻ ബാബു എന്നിവർ പ്രസംഗിക്കും.
ആത്മീയ പ്രഭാഷകൻ രാജൻ മലനടയെ ചടങ്ങിൽ ആദരിക്കും. എംജി സർവകലാശാല ബിഎ സംസ്കൃതം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എം. പൂജിതയ്ക്ക് സമിതി ഏർപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് സമ്മാനിക്കും. പത്ര സമ്മേളനത്തിൽ സമിതി ഭാരവാഹികളായ എസ്.കെ.ദീപു കുമാർ, എൻ. ഹരിഹരയ്യർ, എം. വിൻസന്റ് , കെ. നരേന്ദ്രൻ, പുത്തൂർ തുളസി എന്നിവർ സംബന്ധിച്ചു.