അധ്യാപകർക്ക് ചലഞ്ച് ദ ചലഞ്ച് ട്രെയിനിങ് പരിപാടി സംഘടിപ്പിച്ചു
1375872
Tuesday, December 5, 2023 12:26 AM IST
കൊല്ലം: എസ്പിസി സ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചലഞ്ച് ദ ചലഞ്ചസ് പരിപാടിയുടെ ഭാഗമായ ഡ്രഗ് അഡിക്ഷൻ എന്ന വിഷയത്തിൽ ഡോൺ ബോസ്കോ ഡ്രീം പദ്ധതിയുടെ സഹകരണത്തോടു കൂടി മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെ സംബന്ധിച്ച് അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.
എസ് പി സി പ്രോജക്ട് സ്റ്റേറ്റ് നോഡൽ ഓഫിസർ ദക്ഷിണമേഖല ഡി ഐ ജി ആർ നിശാന്തിനിയുടെ നിർദേശപ്രകാരമാണ് പരിപാടി നടന്നത്. ആരോഗ്യപരവും ശക്തവുമായ വിദ്യാർഥിസമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകർക്കുള്ള ക്ലാസ് സംഘടിപ്പിച്ചത്. ജില്ലയിലെ എസ്പിസി ചുമതലയുള്ള അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളിലെ ലഹരി ഉപയോഗം എന്നതായിരുന്നു വിഷയം. എസ് പി സി ജില്ലാ നോഡൽ ഓഫിസിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ട്രെയിനിങ് സെന്റർ ഹാളിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു.
കേരളാ ചെെൽഡ് റൈറ്റ്സ് കമ്മീഷൻ മുൻ അംഗവും ഡ്രീം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുമായ ഫാ. ഫിലിപ് പാറക്കാട്ട് (എസ് ഡി ബി) അധ്യക്ഷത വഹിച്ചു. ഡ്രീം കൊല്ലം പ്രോജക്ട് ഡയറക്ടർ ഫാ. സി ജെ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷകനായി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനൽ വെള്ളിമൺ, എസ് പി സി കൊല്ലം സിറ്റി ഡിഎൻഒ സക്രിയ മാത്യു, എഡിഎൻഓ ( കൊല്ലം സിറ്റി ) രാജേഷ് ബി, എ ഡി എൻ ഓ ( കൊല്ലം റൂറൽ ) രാജീവ്.ടി, കമ്യൂണിറ്റി പോലീസ് ഓഫീസർ ഷാജി, ഡ്രീം കോർഡിനേറ്റർ ആതിര എന്നിവർ പ്രസംഗിച്ചു. തുടർന്ന് ട്രാഡ വൈസ് പ്രിൻസിപ്പൽ സിജി ആന്റണി ക്ലാസുകൾ നയിച്ചു.